Sunday, November 24, 2024
HomeNewsKeralaഎകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണം;യുഡിഎഫ് തന്ത്രത്തില്‍ വീഴരുതെന്ന് കോടിയേരി, നടന്നത് കോണ്‍ഗ്രസിന്റെ ആസൂത്രിത ആക്രമണമെന്ന്...

എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണം;
യുഡിഎഫ് തന്ത്രത്തില്‍ വീഴരുതെന്ന് കോടിയേരി, നടന്നത് കോണ്‍ഗ്രസിന്റെ ആസൂത്രിത ആക്രമണമെന്ന് ഇ പി ജയരാജന്‍

എകെജി സെന്ററില്‍ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ കലാപഭൂമിയാക്കി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണമെന്നും കോടിയേരി ആരോപിച്ചു.

പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. പാര്‍ട്ടി ഓഫീസുകളെ ആക്രമിക്കുക, പാര്‍ട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലെയുള്ള മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങള്‍ വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സംഭവത്തിന് പിന്നിലെ ഗുഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.

യുഡിഎഫ് ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കണം. മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ആക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും അവര്‍ക്ക് ഒത്താശ ചെയ്യുകയും അത്തരക്കാരെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം സൃഷ്ടിച്ച് പ്രകോപനം ഉണ്ടാകാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങി പോകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു.

എന്നാല്‍ എ.കെ.ജി സെന്ററിന് നേരെയുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ്. എകെജി സെന്ററില്‍ ബോംബെറിയുമെന്ന് കോണ്‍ഗ്രസ് പ്രഖ്യപിച്ചിരുന്നു. പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും, അനിഷ്ടസംഭവങ്ങള്‍ സൃഷ്ടിക്കരുതെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

രാത്രി 11.30 ഓടെയാണ് സംഭവം. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്‌ഫോടക വസ്തു വീണത്. ഒരു വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തി. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. നാടന്‍ പടക്കമാണോ പൊട്ടിയത് എന്ന് പരിശോധിച്ചു വരികയാണ്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കില്‍ എത്തിയ ഒരാള്‍ ഹാളിന് മുന്നിലെ ഗേറ്റില്‍ സ്‌ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments