Pravasimalayaly

എംഎം മണിയുടെ പരാമര്‍ശത്തില്‍ അഭിപ്രായം പറയേണ്ടത് നിയമസഭാ സ്പീക്കര്‍, ചട്ടപ്രകാരം അത് അണ്‍പാര്‍ലമെന്ററി അല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെകെ രമയ്ക്കെതിരെ എംഎം മണിയുടെ പരാമര്‍ശത്തില്‍ അഭിപ്രായം പറയേണ്ടത് നിയമസഭാ സ്പീക്കറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ ചട്ടപ്രകാരം അത് അണ്‍പാര്‍ലമെന്ററി അല്ല. അക്കാര്യം സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

നിയമസഭയ്ക്കകത്ത് നടന്ന കാര്യമായതിനാല്‍ അത് സ്പീക്കറാണ് പറയേണ്ടത്. അവിടെ പറഞ്ഞ കാര്യം അവിടത്തന്നെ അവസാനിപ്പിക്കേണ്ടതാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മണിയുടെ പ്രസംഗശൈലിയില്‍ വന്നതാകും പരാമര്‍ശം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കേരളം സന്ദര്‍ശിച്ച് വികസന പരിപാടികള്‍ കാണുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന് കോടിയേരി പറഞ്ഞു. വിദേശകാര്യമന്ത്രി ഇടപെടേണ്ട കാര്യത്തിലല്ല അദ്ദേഹം ഇടപെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേന്ദ്രമന്ത്രിമാര്‍ ടെന്റ് കെട്ടി താമസിച്ചിട്ടും ഒരു സീറ്റും നേടാന്‍ ബിജെപിക്കു പറ്റിയില്ല. പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും കേന്ദ്രം നടപ്പിലാക്കുന്നില്ല. പാലക്കാട്ടെ കോച്ച് ഫാക്ടറിയെ സംബന്ധിച്ച് ഇപ്പോള്‍ അനക്കമില്ല. നേരത്തെ പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളജ് ആര്‍ക്കും ഓര്‍മയില്ലാതെയായി.

കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നാണ് 45 മീറ്റര്‍ വീതിയില്‍ ദേശീയ പാത നവീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം ചെലവ് കേരളമാണ് വഹിക്കുന്നത്. അതിനെ തുടര്‍ന്നാണ് ദേശീയപാതാ വികസനപദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതെന്നും കോടിയേരി പറഞ്ഞു.

വിചാരകേന്ദ്രത്തിന്റെ പരിപാടിയില്‍ വിഡി സതീശനെ പോലെയൊരാള്‍ വെറുതേ പങ്കെടുക്കില്ലെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. കാര്യങ്ങള്‍ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് സതീശന്‍. പറവൂരില്‍ തോറ്റശേഷം തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിച്ചു വരണമെന്നു കരുതി ആര്‍എസ്എസ് വോട്ടു വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. അതുകൊണ്ടാണ് വിചാരകേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത്. വസ്തുത പറയാതെ സതീശന്‍ ഒളിച്ചു കളിക്കുകയാണ്. സിപിഎം നേതാവായ വിഎസും പരിപാടിയില്‍ പങ്കെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ആര്‍എസ്എസിനെതിരായി സംസാരിക്കാനാണ് വിഎസ് പോയത്. വിഡി സതീശന്‍ ആ പരിപാടിയില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.

Exit mobile version