Pravasimalayaly

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു,എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് കോടിയേരി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ബൂത്ത് തലം വരെ വേണ്ട പരിശോധനകള്‍ നടത്തും. തെരഞ്ഞെടുപ്പില്‍ വോട്ട് കൂടിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകളില്‍ ഉണ്ടായ വര്‍ധന പ്രതീക്ഷ നല്‍കുന്നതല്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ അപേക്ഷിച്ച് മറ്റു ജില്ലകളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ജില്ലയില്‍ എന്തുകൊണ്ട് മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യവും പരിശോധിക്കും. ബിജെപി വോട്ടും ട്വന്റി ട്വന്റി വോട്ടുകളും യുഡിഎഫിന് ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം കെ റെയിലിന്റെ ഹിതപരിശോധനയായി കാണേണ്ടതില്ല. ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചാല്‍ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.യുഡിഎഫിന് അനുകൂലമായി സഹതാപ തരംഗം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായാണ് ഫലം വന്നത്.

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി സ്വീകരിച്ചത് തങ്ങളെ ബാധിച്ചിട്ടില്ല. വോട്ട് കൂടുകയാണ് ചെയ്തതത്. പി സി ജോര്‍ജിന്റെ പ്രസംഗം മൂലം വോട്ട് കുറഞ്ഞോ എന്ന് ബിജെപിയാണ് വിലയിരുത്തേണ്ടതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയി എന്ന് കരുതുന്നവരല്ല തങ്ങള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 ഉം നഷ്ടപ്പെട്ടു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതെന്നും കോടിയേരി പറഞ്ഞു.

Exit mobile version