‘തോമസ് വഴിയാധാരമാവില്ല’, കെ.വി. തോമസിനെ സി.പി.ഐ.എമ്മിലേക്ക് ക്ഷണിച്ച് കോടിയേരി

0
196

കണ്ണൂര്‍: കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സഹകരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് വഴിയാധാരമാവില്ല, ചര്‍ച്ചകള്‍ നടന്നിട്ടില്ല, അദ്ദേഹമാണ് നിലപാട് പറയേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവിടെ വരെയെത്തിയോ, ഇതാണ് നിങ്ങളുടെ കുഴപ്പമെന്നായിരുന്നു മറുപടി.

കെവി തോമസിനെ സംരക്ഷിക്കുന്നത് പ്രധാനവിഷയമെന്ന് എംഎ ബേബിയും  തോമസ് പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലകാര്യമെന്ന് എ വിജയരാഘവനും പറഞ്ഞു. 

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രൊഫ. കെ വി തോമസ് അറിയിച്ചിരുന്നു. ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് കെ വി തോമസ് തുടങ്ങിയത്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകില്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. സിപിഎമ്മുമായി സഹകരിക്കില്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് തെറ്റു തിരുത്തണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു. ബിജെപിയുടെ വര്‍ഗീയതക്കെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്.

ഇന്നത്തെ രാജ്യത്തെ സാഹചര്യത്തില്‍ സിപിഎം സെമിനാറിന്റെ ദേശീയ പ്രാധാന്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുറിപ്പിലൂടെ അറിയിച്ചു. സോണിയാഗാന്ധി, താരിഖ് അന്‍വര്‍ തുടങ്ങിയവരെയും അറിയിച്ചു. തന്നെ ക്ഷണിച്ചത് സെമിനാറില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ സംസാരിക്കാനാണ്. അരമണിക്കൂറാണ് സമയം അനുവദിച്ചത്. പ്രഭാഷണത്തിന് തയ്യാറെടുത്തു കഴിഞ്ഞു. താന്‍ സിപിഎമ്മിലേക്കല്ല, സെമിനാറില്‍ പങ്കെടുക്കാനാണ് പോകുന്നതെന്നും കെ വി തോമസ് പറഞ്ഞു.

Leave a Reply