ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ശ്രമം വർ​ഗീയ സംഘർഷം; കോടിയേരി ബാലകൃഷ്ണൻ

0
26

പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളിൽ വർ​ഗീയ സംഘർഷമുണ്ടാക്കാനാണ് ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ശ്രമമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർ​ഗീയതകൾ പരസ്പരം ചൂണ്ടിക്കാണിച്ച് വളരാൻ നോക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനാണ് ഇവർ പ്രവർത്തിക്കുന്നത്.

സംഘപരിവാർ ആക്രമണങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പരത്തുകയാണ്. പാലക്കാട്ടെ ആർ.എസ്.എസുകാരന്റെയും എസ്.ഡി.പി.ഐക്കാരന്റെയും കൊലപാതകങ്ങളിൽ യു.ഡി.എഫിന്റെ നിലപാട് അത്ഭുതകരമാണ്. സംഭവത്തെ അപലപിക്കാൻ പോലും തയ്യാറാവാതെ സർക്കാരിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. കോൺ​ഗ്രസിന്റെ സങ്കുചിത രാഷ്ട്രീയ നിലപാട് മതനിരപേക്ഷതയ്ക്ക് എതിരാണ്.

കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തില്‍ തിരുവമ്പാടി മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം. തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തി. ജോർജ് എം. തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എ. വിജയരാഘവനും എം.എ. ബേബിയും ഇനി ഡെൽഹി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഇ.പി. ജയരാജനായിരിക്കും. തോമസ് ഐസക്കിന് ചിന്താ വാരികയുടെ ചുമതലയും എം. സ്വരാജിന് ചിന്താ പബ്ലിക്കേഷൻസിന്റെ ചുമതലയും നൽകും. എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പാർട്ടി വിദ്യാഭ്യാസം, എ.കെ.ജി പഠന​ഗവേഷണ കേന്ദ്രം, ഇ.എം.എസ് അക്കാഡമി എന്നിവയുടെ ചുമതല നൽകും. ഡി.വൈ.എഫ്.ഐയുടെ ചുമതല ഇ.പി. ജയരാജനും എസ്.എഫ്.ഐയുടെ ചുമതല എ.കെ. ബാലനുമായിരിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുമെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply