ചടയമംഗലത്ത് പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനം : പോലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്

0
58

ചടയമംഗലം ഐ എച്ച് ഡി പി കോളനിയിൽ പട്ടികജാതി പെൺകുട്ടിയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായ പീഡനം : പോലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും
സമഗ്ര അന്വേഷണം നടത്തണമെന്നും ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റി

കൊല്ലം ചടയമംഗലം നിലമേൽ ഐ എച്ച് ഡി പി കോളനിയിൽ പട്ടികജാതി പെൺകുട്ടിയെയും കുടുംബത്തെയും ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ കഴിഞ്ഞ ജൂലൈ 12 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽ പെട്ട അമ്മയായ യുവതിയെ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന നേതാവ് അരവിന്ദൻ ശല്യപ്പെടുത്തുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. പ്രദേശത്തെ കടയിൽ സാധനം വാങ്ങുവാൻ എത്തിയ യുവതിയെ ഇയാൾ കടന്നുപിടിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തപ്പോൾ യുവതി അതിനെ പ്രതിരോധിയ്ക്കുകയും പ്രതികരിയ്ക്കുകയും ചെയ്തത് ഗുണ്ടാ നേതാവ് കൂടിയായ ഇയാൾക്ക് പ്രതികാരം ഉണ്ടാക്കി. ഈ സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ ഗുണ്ടാ നേതാവും സഹായികളും യുവതിയുടെ വീട്ടിൽ എത്തുകയും യുവതിയുടെ ഭർത്താവിനെ ക്രൂരമായി മർദ്ധിയ്ക്കുകയും വീണ്ടും യുവതിയെ കൂട്ടമായി മാനഭംഗപ്പെടുത്തുവാൻ ശ്രമിയ്ക്കുകയും ചെയ്തു. കുതറിയോടിയ യുവതിയെ പിന്തുടർന്ന് ഹൃദ്രോഗത്തിന് നേരത്തെ ഓപ്പറേഷൻ ചെയ്ത നെഞ്ചിൽ ആഞ്ഞിടിച്ച് വീഴ്ത്തി. ബോധരഹിതയായ യുവതി കമന്നു വീണു. അതെ സമയത്ത് തന്നെ മാരകായുധങ്ങളുമായി വീട്ടുമുറ്റത്തു ഭർത്താവിനെ അതി ക്രൂരമായി തല്ലിച്ചതയ്ക്കുകയും കൊലപ്പെടുത്താൻ ശ്രമിയ്ക്കുകയും ചെയ്തു. അയല്പക്കത്തുണ്ടായിരുന്ന ഭർത്താവിന്റെ വീട്ടുകാർ എത്തി ഇവരെ കൊട്ടാരക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സ്‌റേ റിപ്പോർട്ടിൽ മാരകമായ ഇടിയും ചതവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സംഭവം മുൻനിർത്തി ചടയമംഗലത്തും പുനലൂരിലും പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടന്നില്ല.
പോലീസിൽ കേസ് കൊടുത്തതിനു ശേഷം വീണ്ടും യുവതിയുടെ ഭർത്താവിന്റെ ബന്ധുവീട്ടിൽ കയറി അക്രമികൾ വീണ്ടും കൊടിയ ആക്രമണം അഴിച്ചുവിട്ടു. അവിടെ ഉണ്ടായിരുന്ന ബന്ധുക്കളെയും പ്രായമായവരെയും ക്രൂരമായി വീട് കയറി അക്രമിയ്ക്കുകയും പോലീസിൽ നൽകിയ പരാതി പിൻവലിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇരകളുടെ വീട് കയറി അക്രമിച്ചവർ തങ്ങളെ വീട്ടുകാർ അക്രമിച്ചെന്ന് കാട്ടി പോലീസിൽ പരാതി നൽകി.

വീടുകയറിയുള്ള ആദ്യത്തെ ആക്രമണത്തിന് ശേഷം നൽകിയ പരാതിയിൽ പോലീസ് ഒരു തരത്തിലുമുള്ള അന്വേഷണം നടത്തിയില്ല. എന്നാൽ രണ്ടാമത് ആക്രമണം അഴിച്ചുവിട്ടതിന് ശേഷം അക്രമികൾ നൽകിയ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിന് പോലിസ് തയ്യാറായി. യുവതിയുടെ ഭർത്താവിനെയും അനുജനെയും പ്രതിയാക്കി അന്വേഷണം നടത്തിയപ്പോൾ പോലീസിന്റെ കൂടെ വന്ന അക്രമികൾ പെരുമ്പാവൂരിലെ ജിഷയ്ക്ക് ഉണ്ടായ അനുഭവം നിങ്ങൾക്ക് ഉണ്ടാകുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും പോലിസ് ഇതിനൊക്കെ ഒത്താശ നൽകുകയും ചെയ്തു.
പിന്നീട് പോലീസിന്റെ പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന വൃദ്ധനായ അച്ഛനെ പ്രതിചേർക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. എഫ് ഐ ആർ പകർപ്പിൽ ഈ അട്ടിമറി വ്യക്തമാണ്.

ഇത് സംബന്ധിച്ച് കൊല്ലം റൂറൽ എസ് പി യ്ക്ക് പരാതി നൽകുകയും 164 സ്റ്റേറ്റ്മെന്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും കേസിൽ പോലീസ് നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ആവശ്യപ്പെട്ടു

കൊല്ലത്ത് സി എസ് ഡി എസ് നടത്തിയ പ്രതിഷേധം (ഫയൽ ചിത്രം )

Leave a Reply