കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിന്റെ ശിക്ഷ ഇന്ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ന് ഉച്ചയോടെ കോടതി വിധി പറയും.
കിരൺകുമാറിനെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ വരെ കുറ്റമാണിതെന്നാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ ജി. മോഹൻരാജ് മാധ്യമങ്ങളോട് പറഞ്ഞത്.
പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കാൻ വേണ്ടിയാകും പ്രോസിക്യൂഷൻ ഇന്ന് വാദിക്കുക. അതേസമയം ശിക്ഷ പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളാകും പ്രതിഭാഗത്ത് നിന്നുണ്ടാവുക. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളി അല്ലെന്നതും പരിഗണിക്കണം എന്നതാകും പ്രതിഭാഗത്തിന്റെ വാദം.
കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ഇന്നലെ തന്നെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥാനയ ഭർത്താവ് കിരൺ കുമാറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് കിരൺ കുമാറിനെതിരെ ചുമത്തിയത്. കേസിൽ507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ജനുവരി 10നാണ് വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു.