സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ മരിക്കാനിടയായ കുനൂര്‍ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ കാരണമുള്ള പിഴവ് ആകാം അപകടകാരണമെന്നാണ് നിഗമനം. എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിങിന്റെ നേതൃത്വത്തില്‍ മൂന്നുസേനകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിച്ചത്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ഹെലികോപ്ടറിന്റെ ഡേറ്റ റിക്കോര്‍ഡര്‍ സംഘം പരിശോധിച്ചിരുന്നു. സ്ഥലത്തെ തെളിവെടുപ്പ് അടക്കം നടത്തിയശേഷമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഡിസംബര്‍ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.പകല്‍ 11.48 നാണ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെയുള്ള സംഘം സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് എംഐ-17 വി5 ഹെലികോപ്ടറില്‍ യാത്ര തിരിച്ചത്. വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു റാവത്തും സംഘവും.
അപകടത്തില്‍ ജനറല്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മലയാളി വാറണ്ട് ഓഫീസര്‍ പ്രദീപ് എന്നിവരടക്കം ഹെലികോപ്ടറിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തില്‍ ഗുരുതരപരിക്കുകളോടെ കണ്ടെത്തിയ ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍സിങ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബംഗലൂരു ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.