നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

0
379

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. നീതുവിനെ ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും മെഡിക്കല്‍ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്താനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പട്ടിരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താന്‍ ശ്രമിച്ച കളമശ്ശേരി സ്വദേശിനി നീതുവിനെ കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് ഒപ്പം ജീവിക്കാന്‍ വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. ഇയാള്‍ നീതുവില്‍ നിന്ന് പണം തട്ടിയ കേസില്‍ റിമാന്‍ഡിലാണ്.

Leave a Reply