കോട്ടയം: ഒരു മാസമായി സുജിത്തിന്റെ കാറില്‍ ജീവനെടുക്കാന്‍ പോന്ന അപകടകാരിയായ ഒരു ‘വിഐപി’ സഞ്ചാരിയുണ്ടായിരുന്നു. ഉടമ പോലും അറിയാതെ നൂറുകണക്കിന് കിലോമീറ്റര്‍ ദൂരം നിശബ്ദനായി യാത്ര ചെയ്തു ഏറ്റവും അപകടകാരിയായ ആ സഹയാത്രികന്‍. മലപ്പുറം വഴിക്കടവില്‍ നിന്നാണ് കൊടുംവിഷമുള്ള രാജവെമ്പാല സുജിത്തിന്റെ കാറില്‍ കയറിപ്പറ്റിയത്. പിന്നീട് കൃത്യം ഒരുമാസം ഈ രാജവെമ്പാലയുടെ താമസം സുജിത്തിന്റെ കാറിലായിരുന്നു. വഴിക്കടവില്‍നിന്നും കോട്ടയത്തേക്കും തുടര്‍ന്ന് പലയിടത്തേക്കും കുടുംബത്തിന്റെ കൂടെയും അല്ലാതെയും സുജിത്തിന്റെ കാര്‍ ഓടി. അപ്പോഴൊക്കെയും ആരെയും ഉപദ്രവിക്കാതെ രാജവെമ്പാല കാറില്‍ തങ്ങി. ഒടുവില്‍ അയല്‍വാസിയുടെ വീട്ടുപരിസരത്തുനിന്നുമാണ് പാമ്പിനെ പിടികൂടിയത്.
പാമ്പിനെ പിടിച്ചതോടെ ശ്വാസം നേരെ വീണ അവസ്ഥയിലാണെന്ന് സുജിത്ത്. സംഭവത്തെക്കുറിച്ച് സുജിത്ത് പറയുന്നതിങ്ങനെ: ”വഴിക്കടവില്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശത്തായിരുന്നു ജോലി. ഓഗസ്റ്റ് രണ്ടിനാണ് വഴിക്കടവില്‍ വച്ച് കാറില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ എത്തി പരിശോധിക്കുകയും െചയ്തു. എന്നാല്‍ പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി കാര്‍ കഴുകി വൃത്തിയാക്കി. വനംകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് വണ്ടി ഏറെ നേരം സ്റ്റാര്‍ട്ട് ചെയ്തിട്ടു. അതിനുശേഷം ഓഗസ്റ്റ് അഞ്ചിനാണ് വാഹനവുമായി വഴിക്കടവില്‍ നിന്നും തിരിച്ചു പോന്നത്. അപ്പോഴും വാഹനം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര പുറപ്പെട്ടത്.
”പിന്നീട് കുടുംബവുമായും പല സ്ഥലത്തും പോയി. ഏറെയും കാറില്‍ ഒറ്റയ്ക്കായിരുന്നു യാത്ര. ഇതിനിടയ്ക്കും കാറില്‍ പരിശോധന നടത്താറുണ്ടായിരുന്നു. നാട്ടിലെത്തി ഇരുപത് ദിവസം കഴിഞ്ഞാണ് കാറില്‍ പാമ്പിന്റെ പടം കണ്ടത്. ഇതോടെ കാറില്‍ പാമ്പുണ്ടെന്ന് ഉറപ്പിച്ചു. വാവ സുരേഷിനെ വിളിച്ചു വരുത്തി പരിശോധിച്ചു. കാണാതെ വന്നതോടെ സര്‍വീസ് സെന്ററില്‍ നിന്നും ആളെ വരുത്തി വാഹനം അഴിച്ചു നോക്കി. എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന് ഉറപ്പായി. വീണ്ടും പത്ത് ദിവസം കഴിഞ്ഞാണ് പാമ്പിനെ അയല്‍വാസിയുെട വീടിന്റെ പരിസരത്ത് കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പാമ്പിനെ പിടികൂടിയതോടെയാണ് ആശ്വാസമായത്.”
രാജവെമ്പാല വഴിക്കടവില്‍നിന്നു തന്നെ എത്തിയതാകാനാണ് സാധ്യതയെന്ന് പാമ്പിനെ പിടിച്ച വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരനായ അബീഷ് പറഞ്ഞു. ”ഈ പ്രദേശത്ത് രാജവെമ്പാലയുണ്ടാകന്‍ സാധ്യതയില്ല. ചൂട് കൂടിയ സ്ഥലങ്ങളില്‍ ഇവയ്ക്ക് ജീവിക്കാന്‍ സാധിക്കില്ല. കാലാവസ്ഥയും മറ്റും മാറിയതിനാലാകാം പിടിക്കാനെത്തുമ്പോള്‍ പാമ്പ് വളരെ അക്രമകാരിയായിരുന്നു. ഒരുമാസം കറിനുള്ളിലോ പരിസരത്തോ തന്നെ കഴിഞ്ഞിരിക്കാനാണ് സാധ്യത. രാത്രിയില്‍ ഇരപിടിച്ച് പകല്‍ എവിടെയെങ്കിലും മറഞ്ഞിരുന്നിരിക്കാം. എട്ടര അടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പ്രായം കണക്കാക്കാന്‍ സാധിക്കില്ല. ഗവിയിലാണ് പാമ്പിനെ തുറന്നു വിടുക”– അബീഷ് പറഞ്ഞു.
‘കുടുംബവുമായി പലയിടത്തും പോയി; കാറില്‍ രാജവെമ്പാലയുണ്ടെന്ന് അറിഞ്ഞില്ല, ഒടുവില്‍ പാമ്പിനെ പിടിച്ചു’
