.പാലാ: പാലാ ജനറൽ ആശുപത്രി ക്യാൻസർ ചികിത്സാ വിഭാഗത്തോട് അനുബന്ധിച്ച് റേഡിയേഷൻ ചികിത്സ കൂടി സാദ്ധ്യമാക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പാക്കുന്ന കെ.എം.മാണി കാൻസർ സെൻ്റർ റിന് കോട്ടയം ജില്ലാ പഞ്ചായത്തും സഹായം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മിയും പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ആസൂത്രണ സമിതി അംഗം ജയ്സൺ മാന്തോട്ടം എന്നിവർ അറിയിച്ചു.
കോട്ടയം ജില്ലയിലെ രണ്ടാം റേഡിയേഷൻ വിഭാഗത്തിന് തുടക്കമിടാനുള്ള പാലാ നഗരസഭാ തീരുമാനത്തെ അവർ സ്വാഗതം ചെയ്തു.ഇവിടെ റേഡിയോ തെറാപ്പി കോബാൾട്ട് യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഒരു കോടിയിൽപരം രൂപ ഉടൻ ലഭ്യമാക്കും. ഈ സാമ്പത്തിക വർഷം തന്നെ തുക കൈമാറും. ക്യാൻ കോട്ടയം ഫിറ്റ് കോട്ടയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. ഉപകരണം സ്ഥാപിക്കുന്നതിന് പാലാ ആശുപത്രിയിൽ ആറ്റോമിക് എനർജി റഗുലേറ്ററി ബോർഡ് നിഷ്കർഷിച്ചിരിക്കുന്ന വിധം റേഡിയേഷൻ സുരക്ഷയോടു കൂടിയ ബങ്കറുകൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ ഉപകരണം ഇവിടെ സ്ഥാപിക്കാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മജിമ്മി പറഞ്ഞു.
കെട്ടിട നിർമ്മാണത്തിനും തുടർ നടപടികൾക്കും സഹായം ലഭ്യമാക്കുമെന്ന് അവർ അറിയിച്ചു.ഇതിനായുള്ള നടപടികൾ നടന്നുവരുകയാണ്. ഈ പദ്ധതിക്ക് കൂടുതൽ ഫണ്ട് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ക്യാൻസർ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിൽ തന്നെ ചികിത്സ ലഭ്യമാക്കുവാൻ ഉതകുന്ന പുതിയ കാൽവയ്പാണ് ഈ സംരംഭമെന്നും അവർ പറഞ്ഞു.