മുണ്ടക്കയം സ്വദേശിനിയായ 21 വയസുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പൂജാരി കീഴടങ്ങി. മടുക്ക ക്ഷേത്രത്തിലെ ശാന്തിക്കാരനായ വിനു മോഹനാണ് പോലീസില്‍ കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് പ്രതി കീഴടങ്ങിയത്. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനുമോഹന്‍ ഇപ്പോള്‍ പത്തനംതിട്ട ഇലന്തൂരില്‍ ഒരു ക്ഷേത്രത്തില്‍ ശാന്തി ആയി ജോലി ചെയ്തുവരികയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി തന്നെ ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ആണ് 21കാരിയായ ദളിത് പെണ്‍കുട്ടിയുടെ പരാതി. മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ അതിക്രമം നിയമവും ചുമത്തിയിട്ടുണ്ട്. ശാന്തിമഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി മൊഴി നല്‍കിയിരുന്നു.
യുവാവ് വിവാഹ വാഗ്ദാനം നല്‍കി ചതിച്ചു എന്നാണ് പ്രധാന ആരോപണം. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസില്‍ കേസ് നല്‍കും മുന്‍പ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതായി യുവതി പോലീസിനോട് പറഞ്ഞു. എരുമേലി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതല്‍ ശാന്തിക്കാരന്‍ മുങ്ങിയതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും . മറ്റേതെങ്കിലും സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന കാര്യവും പോലീസ് പരിശോധിച്ച് വരുന്നുണ്ട്.ഇലന്തൂരില്‍ ഇയാള്‍ ഇപ്പോള്‍ ശാന്തി ആയി ജോലി ചെയ്യുന്ന ക്ഷേത്രത്തിലും സമാനമായ പരാതികള്‍ ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്