Pravasimalayaly

കോട്ടയത്ത് വെള്ളപ്പൊക്കത്തിനിടെ ഒഴുകിപ്പോയ കാറിനുള്ളിൽ കുടുങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വെള്ളപ്പൊക്കത്തിനിടെ ഒഴുകിപ്പോയ കാറിനുള്ളിൽ കുടുങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി


മഴ കനത്തതോടെ കോട്ടയം ജില്ലയിൽ വ്യാപകമായി വെള്ളപ്പൊക്കം. മണർകാട് കാർ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കാർ ഒഴുക്കിൽപെട്ടപ്പോൾ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിൻ കാറിനുള്ളിൽ പെട്ടത്. നാട്ടുകാരെ സഹായത്തിന് വിളിച്ച് ക്രെയിൻ ഏർപ്പാടാക്കിയ ശേഷം കാറിൽ ഹാൻഡ് ബ്രെയ്ക്ക് മാറ്റാനായി കയറിയതായിരുന്നു. കാറിനുള്ളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടിലേക്ക് ഒഴുകി പോകുകയും ചെയ്തു. എയർപോർട്ടിൽ ടാക്‌സി ഡ്രൈവറായിരുന്നു ജസ്റ്റിൻ.
അതേസമയം മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നീ പുഴകള്‍ കരകവിഞ്ഞൊഴുകിയതോടെ പലയിടത്തും മഹാപ്രളയത്തിന് സമാനമായ സാഹചര്യമായി. മൂവാറ്റുപുഴയാർ കര കവിഞ്ഞൊഴുകി വൈക്കം താലൂക്കിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. എംസി റോഡിൽ ഉൾപ്പെടെ ഏഴ് പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.
വെള്ളം കയറി എം സി റോഡ്, എസി റോഡ് കോട്ടയം കുമരകം റോഡ്, ഉൾപ്പടെ ഏഴു പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരത്ത് നിരവധി വീടുകൾ മുങ്ങി. കോട്ടയം ജില്ലയിൽ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നാലായിരത്തോളം പേരാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകളിൽ ഉള്ളത്. കൊവിഡ് ഭീതി മൂലം ആളുകൾ ക്യാമ്പിലേക്ക് മാറാൻ വിസമ്മതിക്കുന്നത് പ്രതിസന്ധിയാകുന്നുണ്ട്.
വൈക്കം, ഉദയനാപുരം, കുമരകം, നീണ്ടൂർ, കല്ലറ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നു. മുണ്ടക്കയം, ഈരാറ്റുപേട്ട, തീക്കോയ്, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഈ മേഖലകൾ വീണ്ടും ഉരുൾപൊട്ടൽ ഭീതിയിലായി.

Exit mobile version