കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ചുപേര്‍ പൊലീസ് പിടിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ബാലുശേരി പാലോളി മുക്കില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരുസംഘം വളഞ്ഞിട്ട് ആക്രമിച്ചത്.
രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.
ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഫ്‌ലസ്‌ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. മുസ്ലീം ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഎം ആരോപിക്കുന്നു.