Saturday, November 23, 2024
HomeNewsKeralaകോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു: ബാലമന്ദിരത്തില്‍...

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു: ബാലമന്ദിരത്തില്‍ മാനസിക പീഡനം; തിരികെ പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടികള്‍

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബംഗളൂരുവില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ മൊഴി നല്‍കി. യുവാക്കള്‍ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.

ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.

ബംഗളൂരുവില്‍ എത്തിയശേഷം പെണ്‍കുട്ടികള്‍ മുറിയെടുത്തു നല്‍കാനായി സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനും മുതിര്‍ന്നുവെന്നും മൊഴി നല്‍കി. ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം ബാലമന്ദിരത്തില്‍ മാനസിക പീഡനമെന്ന വെളിപ്പെടുത്തി പെണ്‍കുട്ടികള്‍. തിരികെ അങ്ങോട്ടേക്ക് പോകാന്‍ താത്പര്യമില്ലെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടികള്‍ പൊലീസിനു മൊഴിനല്‍കി. പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ബാലമന്ദിരത്തിലെ ജീവനക്കാര്‍ പരാതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. 17 വയസ്സില്‍ കൂടുതലുള്ളവര്‍ അവിടെയുണ്ട്. അവര്‍ കുട്ടികളെ ഉപദ്രവിക്കുന്നുണ്ട്. പഠിക്കണമെന്ന് ആഗ്രഹമുണ്ട്. വീട്ടിലേക്ക് തിരികെ പോകാന്‍ സാഹചര്യമില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments