തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തില്‍ ഡൊമനിക് പ്രസന്റേഷന്‍ സംസാരിച്ചെന്ന വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്. യുഡിഎഫിന് വോട്ടുകുറയുമെന്ന പ്രസ്താവന ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ ഡൊമനിക് പ്രസന്റേഷനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പറഞ്ഞു.
ഡൊമനിക് പ്രസന്റേഷന്‍ യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നുള്‍പ്പെടെ അബ്ദുള്‍ മുത്തലിബ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ അവരുടെ നീരസം പങ്കുവച്ചിരുന്നു. ഡൊമനിക് പ്രസന്റേഷനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി ടി തോമസിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തൃക്കാക്കരയില്‍ വിജയിച്ചത്. കഴിഞ്ഞ തവണ 452 വോട്ടുകിട്ടിയ തൃക്കാക്കര ഈസ്റ്റില്‍ ഇത്തവണ ലഭിച്ചത് 1724 വോട്ടാണ് ലഭിച്ചത്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു മനസോടെ വിജയത്തിനായി അധ്വാനിക്കുമ്പോഴാണ് അവരുടെ ആത്മവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള പ്രസ്താവന ഡൊമനിക് പ്രസന്റേഷനില്‍ നിന്നും വരുന്നത്. അദ്ദേഹം രാജി വയ്ക്കുകയോ നേതൃത്വം അദ്ദേഹത്തോട് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ വേണം. അബ്ദുള്‍ മുത്തലിബ് പറഞ്ഞു.
തൃക്കാക്കരയില്‍ യുഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടാകുമെന്നും ഭൂരിപക്ഷം കുറയുമെന്നും ഡൊമനിക് പ്രസന്റേഷന് പറഞ്ഞതാണ് വ്യാപകവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 5000 ത്തിനും 8000 നും ഇടയില്‍ ഭൂരിപക്ഷമാണ് ലഭിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ 25000ലധികം ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചത്