തിരുവനന്തപുരം: അഴിമതിക്കെതിരെ ഒരു വോട്ട് എന്നായിരിക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ മുദ്രാവാക്യമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകരെ ദ്രോഹിക്കുകയാണ്. മതനിരപേക്ഷ തത്വങ്ങൾ മോദി സർക്കാർ ലംഘിക്കുന്നു. തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ്നിർത്തും. യുവജനങ്ങൾക്കും പട്ടികജാതി വിഭാഗങ്ങൾക്കും പ്രതിനിധ്യം നൽകും. എന്നാൽ, സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളെ അംഗീകരിക്കില്ല. വിമതരെ പ്രോത്സാഹിപ്പിക്കില്ല.തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടൻ പുറത്തിക്കും. ഘടകക്ഷികളുമായി മാത്രമേ സീറ്റ് ധാരണ ഉണ്ടാകൂവെന്നും മറ്റാരുമായും ധാരണയില്ല.തിരഞ്ഞെടുപ്പിൽ ആരെങ്കിലും പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് എങ്ങനെ തടയാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തില്ലെന്നും മുല്ലപ്പള്ളിവ്യക്തമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അർഹമായ തുക ഈ സർക്കാർ നൽകിയിട്ടില്ല. ജനങ്ങൾക്ക് പ്രയോജനം ചെയ്യപ്പെടേണ്ട സക്കാർ പദ്ധതികളിൽ വൻതട്ടിപ്പും വെട്ടിപ്പുമാണ്. സർക്കാരിന്റെ കോവിഡ് പോരാട്ടം വൻ പരാജയമാണെന്നും വികസനം ഇടതിന്റെ അജണ്ടയേയല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇത്തവണ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.