Pravasimalayaly

കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കേരളം; സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിൽ

കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ എട്ട് മുതൽ 11.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്നാണ് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോവുക. തൃശൂരിൽ സംഗീത നാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും.

ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മ​ഞ്ചു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്‌മി, സരയൂ, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ എന്നിവര്‍ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെയായിരുന്നു കെപിഎസി ലളിതയുടെ സിനിമാ അരങ്ങേറ്റം. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും ഒരിടവേളയെടുത്ത ലളിത കാറ്റത്തെ കിളിക്കൂട്(1983) എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെയെത്തി. മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളിൽ ലളിത ഇതിനകം വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.

Exit mobile version