Pravasimalayaly

മലയാളത്തിന്റെ പ്രിയനടിക്ക് വിട ചൊല്ലി കേരളം,കെപിഎസി ലളിത ഇനി ഓര്‍മ

തൃശൂർ: പ്രിയ നടി കെപിഎസി ലളിതയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി.വൈകീട്ട് ആറ് മണിയോടെ തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓര്‍മ വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍.മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീ പകര്‍ന്നു.ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം.

വന്‍ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. മണിയന്‍പിള്ള രാജു, അലന്‍സിയര്‍, ടിനി ടോം, ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, സംവിധായകന്‍ ജയരാജ് തുടങ്ങി സിനിമയിലെ നിരവധി സഹപ്രവര്‍ത്തകരും നാടകത്തിലെ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.20നാണ് അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈന്‍ അപ്പാര്‍ട്‌മെന്റ്‌സില്‍, മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.

Exit mobile version