നടി കെപിഎസി ലളിത അന്തരിച്ചു

0
245

കൊച്ചി: ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭൗതീകശരീരം ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ 11വരെ തൃപ്പൂണിത്തുറയിൽ പൊതുദർശ്ശനത്തിനു വെച്ചശേഷം വടക്കാഞ്ചേരിയിലേക്ക്‌ കൊണ്ടുപോയി ഔദ്ദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെയായിരുന്നു കെപിഎസി ലളിതയുടെ സിനിമാ അരങ്ങേറ്റം. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും ഒരിടവേളയെടുത്ത ലളിത കാറ്റത്തെ കിളിക്കൂട്(1983) എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെയെത്തി. മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളിൽ ലളിത ഇതിനകം വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.

നടൻ സിദ്ധാർത്ഥ് ഭരതനെ കൂടാതെ ശ്രീക്കുട്ടി എന്നൊരു മകൾ കൂടിയുണ്ട്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. 

Leave a Reply