അസുഖം ബാധിച്ച് അവശനിലയിലായത് മുതല്‍ മലയാളക്കര മുഴുവന്‍ ആ മഹാനടിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു. അഭ്രപാളിയിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയുള്ള പ്രതീക്ഷയ്ക്കിടെയാണ് നമ്മെ നടുക്കിക്കൊണ്ട് ആ വിയോഗ വാര്‍ത്ത എത്തുന്നത്.ബി.മഹേശ്വരി എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ത്ഥ പേര്. എങ്ങനെയാണ് മഹേശ്വരിയില്‍ നിന്ന് ലളിതയായി 44 വര്‍ഷം മലയാള സിനിമയുടെ അരങ്ങ് വാണത്.
ചങ്ങനാശേരിയിലെ പെരുന്നയിലെ രവി സ്റ്റുഡിയോയിലായിരുന്നു മഹേശ്വരിയുടെ അച്ഛന് അന്ന് ജോലി. ആ കെട്ടിടത്തിന്റെ മുകളിലാണ് ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി. അച്ഛന് ചോറുകൊടുക്കാന്‍ പോകുമ്പോഴെല്ലാം മഹേശ്വരി നാടക റിഹേഴ്സല്‍ കൂടി കാണാന്‍ പോകുമായിരുന്നു.ഒരുദിവസം ഗീഥായുടെ ഉടമ ചാച്ചപ്പന്‍ അച്ഛനോട് മകളെ നാടകത്തിന് വിടുമോ എന്ന് ചോദിച്ചു. പക്ഷേ അച്ഛന് വിയോജിപ്പായിരുന്നു. ഒടുവില്‍ ഏറെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു നൃത്തരംത്തില്‍ മാത്രം അഭിനയിക്കാന്‍ അവസരം ലഭിച്ചു. ‘ബലി’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്.
പിന്നീട് ഗീഥായുടെ അവിഭാജ്യ ഘടകമായി മഹേശ്വരി. ഗീഥായുടെ നാടകങ്ങളിലെ പ്രധാന വേഷങ്ങളിലെല്ലാം മഹേശ്വരി തിളങ്ങി. എന്നാല്‍ ഈ സന്തോഷം അധികനാള്‍ നിന്നില്ല. ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഗീഥാ പൂട്ടി. പക്ഷേ അഭിനയമെന്ന മോഹത്തിന് മഹേശ്വരിയുടെ മനസില്‍ പൂട്ട് വീണില്ല.
എങ്ങനെയെങ്കിലും കെപിഎസിയുടെ നടിയാകുക എന്നതായി മോഹം. ഒരുദിവസം കായംകുളത്തെ ഓഫിസിലേക്ക് അഭിമുഖത്തിനായി മഹേശ്വരിയെ വില്‍ു. അഭിമുഖത്തിന് ശേഷം ബോര്‍ഡ് മഹേശ്വരിയെ ചൊല്ലിയുള്ള അഭിപ്രായങ്ങള്‍ രണ്ട് തട്ടിലായി. കുറച്ച് പേര്‍ക്ക് മഹേശ്വരിയെ ഇഷ്പ്പെട്ടപ്പോള്‍, മറ്റുചിലര്‍ക്ക് വണ്ണമില്ലെന്ന പേരില്‍ അവരെ ഒഴിവാക്കണമെന്നായിരുന്നു അഭിപ്രായം.
അപ്പോഴേക്കും മഹേശ്വരിയുടെ അച്ഛന്റെ ആരോഗ്യസ്ഥിതിയും മോശമായിരുന്നതുകൊണ്ട് വീട്ടിലെ അവസ്ഥ പരിതാപകരമായിരുന്നു. പക്ഷേ നാടകത്തിന് വേണ്ടി വണ്ണം വയ്ക്കാനുള്ള ശ്രമത്തിലായി മഹേശ്വരി. അതിനിടെ കോഴിക്കോട് ബഹദൂറിന്റെ സമിതിയില്‍ മഹേശ്വരിക്ക് ക്ഷണം ലഭിച്ചു. അവിടെ നിന്ന് അഡ്വാന്‍സും ലഭിച്ചു. കെപിഎസിയില്‍ ചേരുകയെന്ന സ്വപ്നം വഴുതിപ്പോകുന്നുവെന്ന് തോന്നിയപ്പോഴേക്കും അപ്രതീക്ഷിതമായി മഹേശ്വരിയെ തേടി ആ ടെലിഗ്രാമെത്തി…’വേഗമെത്തണം’. ഉടന്‍ ബഹദൂറിന് അഡ്വാന്‍സ് തിരികെ നല്‍കി കെപിഎസിയിലേക്കുള്ള വണ്ടി പിടിച്ചു മഹേശ്വരി..
കെപിഎസിയിലെത്തി ആദ്യമായി പ്രധാന വേഷം ചെയ്യുന്നത് തോപ്പില്‍ ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകത്തിലൂടെയാണ്. അന്ന് ബി.മഹേശ്വരി എന്ന പേര് കെപിഎസി ലളിത എന്ന് മാറ്റുക കൂടി ചെയ്തു തോപ്പില്‍ ഭാസി.കെപിഎസിയില്‍ അഭിനയിച്ചിരുന്ന കാലത്താണ് സിനിമാ മോഹം ലളിതയുടെ ഉള്ളില്‍ മൊട്ടിടുന്നത്. കൂട്ടുകുടുംബം സിനിമയാകുന്നുവെന്ന വാര്‍ത്ത ലളിതയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷേ തനിക്ക് സിനിമയില്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ ഉദയാ സ്റ്റുഡിയോയില്‍ നാടകം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. ഉദയാ കുടുംബത്തിലും ജീവനക്കാര്‍ക്കും വേണ്ടിയായിരുന്നു നാടകം സംഘടിപ്പിച്ചിരുന്നത്. അത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ക്ഷണം ലളിതയെ തേടി ഒരു കത്ത് വന്നു. ‘കൂട്ടുകുടുംബം സിനിമയാകുന്നു. നാടകത്തില്‍ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം നന്നായിരുന്നു. സിനിമയിലും നിങ്ങള്‍ തന്നെ ആ വേഷമം ചെയ്യണം.’ ആ കത്ത് വായിച്ചപ്പോള്‍ കെപിഎസി ലളിതയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അന്ന് ആയിരം രൂപയാണ് കെപിഎസി ലളിതയ്ക്ക് പ്രതിഫലമായി ലഭിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത് വലിയൊരു തുകയായിരുന്നു.
കെ.എസ് സേതുമാധവനായിരുന്നു കൂട്ടുകുടംബത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ആദ്യ ഷോട്ടെടുത്തത് കെപിഎസി ലളിതയെ വച്ചായിരുന്നു. ചിത്രം ഹിറ്റായി. സംസ്ഥാന അവാര്‍ഡും തേടിയെത്തി. ആദ്യമായി ഉദയയിലെത്തി ആദ്യ ഷോട്ടെടുത്ത ചിത്രത്തിന് സംസ്ഥാന അവാര്‍ഡ്..! അങ്ങനെ ഏറെ നാള്‍ ഉദയയുടെ എല്ലാ ചിത്രങ്ങളിലും ആദ്യ ഷോട്ടെടുത്തിരുന്നത് കെപിഎസി ലളിതയെ വച്ചായിരുന്നു.
പിന്നീട് പ്രൊഡക്ഷന്‍ ഹൈസുകള്‍ മാറി മാറി വന്നു.താരങ്ങല്‍ മിന്നി മറഞ്ഞു…അരങ്ങ് വാണ് കെപിഎസി ലളിത 44 വര്‍ഷത്തോളം സിനിമയില്‍ മാറ്റമില്ലാതെ നിറഞ്ഞ് നിന്നു.ഒടുവില്‍ 2022 ഫെബ്രുവരി 23ന് ആ താരവും വിടവാങ്ങി.