Pravasimalayaly

ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള നമ്പര്‍ നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള നമ്പര്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി. ജില്ല അടിസ്ഥാനത്തില്‍ സീരിയല്‍ നമ്പര്‍ നല്‍കുന്നതിനായി നിലവിലുള്ള ബോണറ്റ് നമ്പര്‍ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങള്‍കൂടെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നമ്പര്‍ അനുവദിക്കും.
തിരുവനന്തപുരംTV , കൊല്ലം KL , പത്തനംതിട്ട PT, ആലപ്പുഴAL, കോട്ടയം KT, ഇടുക്കിID, എറണാകുളംEK, തൃശ്ശൂര്‍TR , പാലക്കാട് PL , മലപ്പുറം ML, കോഴിക്കോട് KK, വയനാട് WN, കണ്ണൂര്‍ KN, കാസര്‍ഗോഡ് KG എന്നിങ്ങനെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പരുകളും നല്‍കുമെന്ന് പ്രസ്താവനയില്‍ കെഎസ്ആര്‍ടിസി അറിയിച്ചു.
ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജന്റം ബസുകളില്‍ ജെഎന്‍ സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കും.
ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരുകയും മൂന്ന് മാസം മുതല്‍ ആറ് മാസം വരെ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി സര്‍വ്വീസിന് വേണ്ടി സജ്ജമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയില്‍ നിന്നും ബസുകള്‍ ജില്ലാ പൂളിലേക്ക് പിന്‍വലിക്കുകയും സര്‍വ്വീസിന് വേണ്ടി പകരം ബസുകള്‍ ജില്ലാ പൂളില്‍ നിന്ന് കൊടുക്കുകയും ചെയ്യും. ബ്രേക്ക് ഡൗണ്‍ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളില്‍ നിന്ന് ഈ ബസുകള്‍ സര്‍വ്വീസിനായി നല്‍കും.
ഏതെങ്കിലും ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കോ യാത്രക്കാര്‍ക്കോ താല്‍പര്യമുള്ള ബസുകള്‍, മറ്റുള്ള സ്ഥാപനങ്ങള്‍ സ്‌പോണ്‍സണ്‍ ചെയ്തിട്ടുള്ള ബസുകള്‍, ബസ് ഓണ്‍ ഡിമാന്റ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകള്‍ എന്നിവ അതാത് ഡിപ്പോകളില്‍ തന്നെ നിലനിര്‍ത്തും. അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പരുകള്‍ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞാല്‍ തിരികെ ഡിപ്പോകള്‍ക്ക് നല്‍കുകയും ചെയ്യും

Exit mobile version