യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോ കണ്ടക്ടര്‍ പി. പി അനിലിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കുന്ന സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
കണ്ടക്ടറുടെ പ്രവൃത്തി കോര്‍പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണത്തില്‍ വിലയിരുത്തി. സംഭവത്തെ കുറിച്ച് അനിലിനോട് വിശദീകരണം തേടിയിരുന്നെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ അന്ന് തന്നെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അനിലിനെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.