കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പള വിതരണം വൈകും. ശമ്പള വിതരണത്തിന് ആകെ വേണ്ടത് 83 കോടി രൂപയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റ് അറിയിച്ചു.(ksrtc salary crisis government provided rs 30crore)
സർക്കാർ അനുവദിച്ച 30 കോടി കൊണ്ട് ശമ്പള വിതരണം നടത്താൻ സാധിക്കില്ലെന്ന് മാനേജ്‌മന്റ് വ്യക്തമാക്കി. കഴിഞ്ഞ മാസം 193 കോടി രൂപ കെ എസ് ആർ ടി സിക്ക് വരുമാനമായി ലഭിച്ചിരുന്നു, ഇതിൽ ഏറിയ പങ്കും പലിശ ഇനത്തിൽ തിരികെ അടക്കാനാണ് കെഎസ്ആർടിസിക്ക് വേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ എസ് ആർ ടി എന്ന് മാനേജ്മെന്‍റ് വ്യക്തമാക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 30 കോടി രൂപ നൽകിയിരുന്നു.
അതേസമയം, കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ഭരണാനുകൂല സംഘടനയായ സിഐടിയുയും മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു.