ജലീലിന്റേത് പാർട്ടി നിലപാടല്ലെന്ന് ഗോവിന്ദൻ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ,രാജ്യദ്രോഹ പരാമർശം’; നടപടി വേണമെന്ന് കേന്ദ്രമന്ത്രി

0
35

കണ്ണൂർ: കെ.ടി.ജലീലിന്റെ ‘‘ആസാദ് കശ്മീര്‍’’ പ്രസ്താവന സിപിഎം നിലപാടല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. എന്തടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റു പരാമര്‍ശങ്ങളൊന്നും പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി.ജലീലിന്റെ രാജ്യവിരുദ്ധ പരാമർശം ബോധപൂർവമെങ്കിൽ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സിപിഎം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്തെല്ലാം വിവാദ പ്രസ്താവനയുമായി ജലീൽ രംഗത്ത് വരുന്നത് പാർട്ടിയുടെ അറിവോടെയെന്ന സംശയം കൂട്ടുന്നതായും സതീശൻ പാലക്കാട് പറഞ്ഞു.

കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കെ.ടി.ജലീല്‍ എംഎല്‍എയുടെ വിശദീകരണം തള്ളി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി.  കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യക്കെതിരാണ്. രാജ്യദ്രോഹവുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണം. സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.

ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ആസാദ് കശ്മീരിന് അര്‍ഥം ഒന്നേയുള്ളുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കെ.ടി.ജലീലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് പുറത്താക്കണം. ജലീലിനെതിരെ കേസെടുക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പറഞ്ഞു.

ജമ്മു കശ്മീർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിവരണത്തിലെ, ‘പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതായിരുന്നു ഈ കുറിപ്പ്.

Leave a Reply