Pravasimalayaly

മാധവ വാര്യരുമായി സൗഹൃദം മാത്രം, ബിസിനസ് ബന്ധമില്ല, മുഖ്യമന്ത്രിക്കെതിരെ ഉയരുന്നതൊക്കെ നട്ടാൽ കുരുക്കാത്ത നുണയെന്ന്
കെ ടി ജലീൽ

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീൽ. മാധവ വാര്യരെ അറിയാം. അദ്ദേഹം തന്റെ സുഹൃത്താണെന്നും ബിസിനസ് ബന്ധമൊന്നും ഇല്ലെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങളായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് എന്ന സ്ഥാപനവും മാധവ വാര്യരും തമ്മിൽ തർക്കങ്ങളുണ്ട് ഇതേ തുടർന്നാണ് ആരോപണമെന്നും അദ്ദേഹം വ്യക്തമാക്കി.

എച്ച്ആർഡിഎസിന് എതിരെ മാധവ വാര്യർ മുംബൈ കോടതിയിൽ കേസ് കൊടുത്തിരുന്നു. അട്ടപ്പാടിയിൽ വീട് വെച്ച് നൽകിയതിന് പണം നൽകാത്തത് സംബന്ധിച്ചാണ് കേസ്. 200 വീടുകൾ നിർമ്മിച്ച് നൽകിയത് വാര്യർ ഫൗണ്ടേഷനാണ്. എന്നാൽ അതിന് പണം നൽകുന്നതിന് പകരം വണ്ടിച്ചെക്കാണ് കമ്പനി നൽകിയത്. താൻ മന്ത്രിയായപ്പോൾ വാര്യർ ഫൗണ്ടേഷന്റെ ഒരു പരിപാടിക്ക് പോയിരുന്നു. അവിടെവെച്ച് ഒരു ചായ കുടിച്ചതല്ലാതെ മറ്റൊരു ബന്ധവും അദ്ദേഹവുമായിട്ടില്ല. അദ്ദേഹത്തിന്റെയും തന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ അക്കാര്യം ബോധ്യമാകുമെന്നും ജലീൽ വിശദീകരിച്ചു.

ഷാർജ സുൽത്താന് ഡി ലിറ്റ് നൽകാൻ തീരുമാനിക്കുന്ന സമയത്ത് താൻ മന്ത്രിയായിരുന്നില്ല. വിഷയത്തിൽ ഇടപെട്ടിട്ടില്ല. 2014ൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റാണ് ഡി ലിറ്റ് നൽകാൻ തീരുമാനിച്ചത്. ഡി ലിറ്റ് നൽകാൻ തീരുമാനിച്ച അന്നത്തെ വൈസ് ചാൻസലർ ഇന്നത്തെ ബിജെപി നേതാവായിരുന്നു. അന്ന് അബ്ദുറബ്ബാണ് വിദ്യാഭ്യാസമന്ത്രി അതൊന്നും അറിയാതെ അവർ എന്തൊക്കയോ വിളിച്ചുപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നട്ടാൽ കുരുക്കാത്ത ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി അവർ പറയുന്നത് കേട്ടാൽ അറപ്പുളവാക്കും. ഇതൊക്കെ ജനം തള്ളിക്കളയും. ഇതിലെല്ലാം അന്വേഷണം നടത്തണം. എന്നാൽ ആരൊക്കെയാണ് ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമാകുമെന്നും ജലീൽ കൂട്ടിച്ചേർത്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഷാർജ സുൽത്താന് ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ജലീൽ ഇടപെട്ടുവെന്നും ആരോപിച്ചിരുന്നു.

Exit mobile version