Sunday, October 6, 2024
HomeNewsKerala'ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം, ആ തമാശ കേള്‍ക്കാന്‍ കാത്തിരിക്കുന്നു'; സ്വപ്ന സുരേഷിനെ വെല്ലുവിളിച്ച് കെ...

‘ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം, ആ തമാശ കേള്‍ക്കാന്‍ കാത്തിരിക്കുന്നു’; സ്വപ്ന സുരേഷിനെ വെല്ലുവിളിച്ച് കെ ടി ജലീല്‍

തനിക്കെതിരായി കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി വെളിപ്പെടുത്തുമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും അഭിഭാഷകന്‍ കൃഷ്ണരാജിന്റെയും പ്രസ്താവനയോട് പ്രതികരണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അതെല്ലാം നാട്ടില്‍ പാട്ടാകുമായിരുന്നു. പലരെയും നിങ്ങള്‍ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടിയാണ്.’- ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മിസ്റ്റര്‍ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജിപിഎസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാര്‍ത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍.

അഡ്വ: കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷന്‍ കൃഷ്ണരാജ്.

മിസ്റ്റര്‍ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അതെല്ലാം നാട്ടില്‍ പാട്ടാകുമായിരുന്നു. പലരെയും നിങ്ങള്‍ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടിയാണ്.

മിസ്റ്റര്‍ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാന്‍ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യില്‍ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കില്‍ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം?  മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേള്‍ക്കാന്‍. ബാക്കി തമാശക്ക് ശേഷം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments