Pravasimalayaly

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാളും ഒന്നിച്ച് വന്നിട്ടും വാപ്പ കളി കാണാൻ പോയിട്ടില്ല’, സ്വപ്നയെ പരിഹസിച്ച് കെ ടി ജലീൽ

സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിലെത്തി നൽകിയ മൊഴിയെ പരിഹസിച്ച് തള്ളി മുൻമന്ത്രി കെ ടി ജലീൽ. ”സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..”, എന്നായിരുന്നു ജലീലിൻറെ പ്രതികരണം. ഇതേക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി. 

ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമടക്കം കള്ളപ്പണ ഇടപാട് കേസിലെ പങ്കിനെക്കുറിച്ച് വിശദമായ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്നാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതല്ല, ഇതിനപ്പുറവുമുള്ള മൊഴികൾ പുറത്ത് വന്നതല്ലേ, ഇതൊന്നും കാര്യമാക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പ്രതികരിച്ചത്. ഇതേക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും എം ശിവശങ്കർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്രയാണെന്നും മറ്റൊന്നിനെക്കുറിച്ചും തനിക്കറിയില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ ഐഎഎസ് പറഞ്ഞു. 

Exit mobile version