കൊച്ചി: മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി തേടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജലീൽ നടത്തിയ പരാമർശങ്ങൾ നിയമ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എജിയെ സമീപിച്ചത്.
സിറിയക് ജോസഫിനെതിരെ ജലീൽ നടത്തിയ പരാമർശം യഥാർത്ഥത്തിൽ ഐസ്ക്രീം പാർലർ കേസിൽ വിധിയെഴുതിയ അന്നത്തെ ചീഫ് ജസ്റ്റിസ് സുഭാഷൻ റെഡ്ഡിക്കെതിരെയാണ്. കോഴ വാങ്ങിയാണ് ഐസ്ക്രീം പാർലർ കേസിൽ ജഡ്ജിമാർ വിധി പറഞ്ഞതെന്ന പരാമർശം കേരളാ ഹൈക്കോടതിക്കും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണെന്നുമാണ് ആരോപണം.
ഇക്കാരണങ്ങളാല്‍ ജലീലനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് എ. ജി. അനുമതി നൽകണമെന്നാണ് സന്ദീപിന്‍റെ ആവശ്യം. സ്പീഡ് പോസ്റ്റ് മുഖാന്തിരമാണ് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ലോകായുക്തയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.