തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിലായിരുന്ന സ്വപ്ന സുരേഷ് കേരളത്തിന് ഉൾപ്പടെ നൽകിയ അഭിമുഖങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ . എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയുമെന്നും ഈശോ മിശിഹ മുകളിലുണ്ടല്ലോയെന്ന് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ‘സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ’- ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീൽ എഴുതി.
കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും
എന്തൊക്കെയായിരുന്നു പുകിൽ?
എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി ഈന്തപ്പഴത്തിന്‍റെയും മതഗ്രന്ഥങ്ങളുടെയും മറവിൽ സ്വർണം കടത്താൻ കൂട്ടുനിന്നുവെന്ന ആരോപണമാണ് കെ ടി ജലീൽ നേരിട്ടത്. പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റ് വഴിയാണ് ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ചത്. ഈന്തപ്പഴവും മതഗ്രന്ഥങ്ങളും അന്ന് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ ചെയര്‍മാനായ സി ആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയില്‍ മലപ്പുറത്തെത്തിച്ചെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കെ ടി ജലീലിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
2017 ലാണ് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴമെത്തിയത്. നയതന്ത്രചാനലിലൂടെ എത്തിയ ഈന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ മാര്‍ച്ച് നാലിന് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയെന്നതാണ് നടപടിയ്ക്ക് കാരണമായ രണ്ടാമത്തെ സംഭവം. ഇതില്‍ 32 പാക്കറ്റുകള്‍ അന്നത്തെ മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ സി ആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയില്‍ മലപ്പുറത്തെത്തിച്ചെന്നും കണ്ടെത്തിയിരുന്നു. കെ ടി ജലീലിനെ വലിയ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഇത്. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നുള്‍പ്പെടെ ആക്ഷേപങ്ങളായിരുന്നു ഉയര്‍ന്നത്.