തിരുവനന്തപുരം: നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മില്‍ രൂക്ഷമായ വാക്‌പോര്. കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ജലീലില്‍. വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്ന് കുഞ്ഞാലിക്കുട്ടി. ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥനയിലുള്ള ചര്‍ച്ചയ്ക്കിടെയാണ് ഇരുവരും പോരിലേക്ക് നീങ്ങിയത്.
കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന് മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീലില്‍ ചര്‍ച്ചയിക്കിടെ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ ആദ്യപേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആണ്. പാലാരിവട്ടംപാലം അഴിമതിയുടെ ഓഹരിയും മലപ്പുറത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി പറയാതെ ഇബ്രാംഹികുഞ്ഞ് അനങ്ങില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‌ഫോഴ്‌ന്മെന്റ് ഡയറക്ടറേറ്റ് പാണക്കാട്ടെത്തി. ഇതിന് കാരണവും കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ചുര്‍ഷം കുഞ്ഞാലിക്കുട്ടിയും സംഘവും തന്റെ പിറകെആയിരുന്നുവെന്നും ഇനി താന്‍ കുഞ്ഞാലിക്കുട്ടിയുടെ പിറകെ ആണെന്നും ജലീല്‍ പറഞ്ഞു. മകനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടി പ്രകോപിതനായി. തടസ്സവാദം ഉന്നയിക്കാന്‍ എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല.
ജലീലിന്റെ പ്രസംഗം അവസാനിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് സംസാരിക്കാന്‍ അനുമതി നല്‍കി. വായില്‍ തോന്നിയത് വിളിച്ചുപറയരുതെന്ന് കുഞ്ഞാലിക്കുട്ടി രൂക്ഷമായി പ്രതികരിച്ചു. ജലീല്‍ മുമ്പ് ലീഗില്‍ ആയിരുന്നതിനാല്‍ ലീഗിനെതിരെ പറഞ്ഞാലെ നിലനില്‍പുള്ളൂ. തന്നെക്കുറിച്ച് പറഞ്ഞാല്‍ ശ്രദ്ധകിട്ടും എന്നതുകൊണ്ടാണ് എല്ലാ പ്രശ്‌നത്തിലും പുട്ടിന് തേങ്ങ എന്നതുപോലെ ജലീല്‍ തന്റെ പേരുപറയുന്നത്. മകന്റേത് കള്ളപ്പണമല്ല. എന്‍ആര്‍ഐ അക്കൗണ്ടിലുള്ള നിക്ഷേപമാണ്. ഇതിനുള്ള വക മകനുണ്ട്. ഇതെല്ലാം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. നിക്ഷേപത്തിന്റെഎല്ലാ രേഖകളും കൈവശമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ തയ്യാറുണ്ടോ എന്ന ജലീല്‍ ചോദിച്ചപ്പോള്‍ രേഖകള്‍ ഹാജരാക്കാന്‍ ജലീല്‍ ആരാണെന്നും കുഞ്ഞാലിക്കുടട്ടി ചോദിച്ചു. ജലീലിനെ ഏല്‍പ്പിക്കില്ലെന്നും സഭാധ്യക്ഷന് മുന്നില്‍ ഇവയെല്ലാം ഹാജരാക്കാന്‍ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.