‘ആസാദ് കശ്മീര്‍’ പരാമര്‍ശം പിന്‍വലിച്ച് കെടി ജലീല്‍ എംഎല്‍എ. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി കെ ടി ജലീല്‍ അറിയിച്ചത്. കുറിപ്പിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയത് ശ്രദ്ധയില്‍പ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികള്‍ പിന്‍വിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.
പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീരെ’ന്നും ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യന്‍ അധീന കശ്മീരെന്നും’ കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.ഇന്ത്യന്‍ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം (ആസാദി കാ അമൃത് മഹോല്‍സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.
നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.
ജയ് ഹിന്ദ്.