തിരുവനന്തപുരം; കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറന്റുകളിൽ ‘ഇൻ കാർ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നു.
ഇൻ കാർ ഡൈവിംഗിന്റെ ഉദ്ഘാടനം ജൂൺ 30 ന് വൈകുന്നേരം നാലു മണിക്ക് കായംകുളം ആഹാർ റസ്റ്റോറന്റിൽ പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെ ടി ഡി സി ആഹാർ റസ്റ്റോറന്റുകളിലും ഇതോടൊപ്പം പദ്ധതി തുടങ്ങും.
പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കും. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യേണ്ട. ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും. കോവിഡ് വ്യാപിക്കുന്ന സാഹചര്യം ഇതിലൂടെ കുറയ്ക്കാനുമാകും.
കോവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നൽകുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ ഇൻ കാർ ഡൈനിംഗ് തുടങ്ങാനും ആലോചിക്കുന്നുണ്ട്.