ആഴക്കടൽ വിവാദവും ലത്തീൻ രൂപതയുടെ ഇടയ ലേഖനം കൊണ്ടും തീപാറും പോരാട്ടം നടക്കുന്ന മണ്ഡലമാണ് കുണ്ടറ. എൽ ഡി എഫിന് വേണ്ടി സിറ്റിംഗ് എം എൽ എ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയും യു ഡി എഫിന് വേണ്ടി പി സി വിഷ്ണുനാഥും മത്സരിക്കുന്നു.
കൊല്ലം താലൂക്കിലെ ഇളമ്പള്ളൂർ, കൊറ്റങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയോജക മണ്ഡലം. എൽ.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പവും മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണ് കുണ്ടറ.
2006 ൽ എം.എ. ബേബി ജയിച്ചതുമുതൽ ഇടതിനൊപ്പമാണ് കുണ്ടറ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതിനൊപ്പവും ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിനൊപ്പവും നിന്നു. 2016ൽ മേഴ്സിക്കുട്ടിയമ്മ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. 30,460 വോട്ടിന്റെ ഭൂരിപക്ഷമാണ് മേഴ്സിക്കുട്ടിയമ്മ സ്വന്തമാക്കിയത്. പിന്നീട് 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മണ്ഡലം യു ഡി എഫിനെ പിന്തുണച്ചു. കുണ്ടറ മണ്ഡലത്തിലെ ഭൂരിപക്ഷം 24,309 വോട്ടായി പ്രേമചന്ദ്രൻ ഉയർത്തി. 2020ലെ തദ്ദേശത്തിൽ വീണ്ടും ഇടതുമുന്നണി മുന്നിലെത്തുകയാണ് ഉണ്ടായത്.