ഒന്നാം നൂറ്റാണ്ടിലെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് ശേഷം ലോക ചരിത്രത്തിൽ കുറവിലങ്ങാടിനെ അടയാളപ്പെടുത്തിയ ദിനം ആണ് 2020 സെപ്റ്റംബർ 08.
മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മുത്തിയമ്മയുടെ മൊസേക് ചിത്രം ഇസ്രയേൽ നസ്രത്ത് മംഗള വാർത്ത ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. പരിശുദ്ധ മാതാവിന്റെ തിരുപ്പിറവി ദിനവുമായ സെപ്റ്റംബർ 8 തന്നെ പ്രതിഷ്ഠകർമ്മത്തിനായി തിരഞ്ഞെടുത്തത് വിശ്വാസസമൂഹത്തിന് ഒന്നാകെ അനുഗ്രഹീതമായി.
മാർ ജോസഫ് കല്ലറങ്ങാടിന്റെ ശ്രമഫലങ്ങൾക്ക് ഒടുവിലാണ് ഛായാചിത്ര പ്രതിഷ്ഠയ്ക്ക് അവസരമൊരുങ്ങിയത്.
ഇറ്റലിയിൽ നിന്നെത്തിച്ച മൊസേക് ഉപയോഗിച്ച് ജറുസലമിലെ ഫ്രാൻസിസ്‌കൻ വൈദികരുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ നിർമാണം നടത്തിയത്. ജപമാല പ്രദക്ഷിണ വീഥിയിൽ ചേർന്നുള്ള ചത്വരത്തിൽ ആണ് ചിത്രം സ്ഥാപിക്കുന്നത്.
മംഗള വാർത്ത ദേവാലയത്തിലെ പ്രദക്ഷിണം ഓരോ ശനിയാഴ്ചയും ചിത്രത്തിനു മുന്നിലെത്തുമ്പോൾ ഇന്ത്യയിലെ വിശ്വാസികൾക്കായി പ്രത്യേക പ്രാർഥന നടത്തും
കുറവിലങ്ങാട് പള്ളിയിലെ അത്ഭുത സാക്ഷ്യം
ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടത് ഇവിടെ ഈ ദേവാലയം ഇരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആടുകളെ മേയിച്ചു കൊണ്ടിരുന്ന ബാലൻമാർക്കു മുന്നിൽ ഒരു വൃദ്ധയുടെ വേഷത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നും അവർക്ക് അപ്പം നല്കി എന്നുമാണ് കഥ. കൂടാതെ ദാഹം ശമിപ്പിക്കുവാൻ ഒരു ഉറവയും കാണിച്ചു കൊടുത്തു. അങ്ങനെ വിശപ്പും ദാഹവും മാറി തിരിച്ച് വീട്ടിലെത്തിയ കുട്ടികൾ ഈ സംഭവം വീട്ടിലറിയിക്കുകയും ചെയ്തു. പിന്നീട് മാതാപിതാക്കളെയും കൂട്ടി കുട്ടികൾ ഇവിടെ എത്തിയപ്പോൾ തോളിൽ കുരിശുചുമന്ന് നിൽക്കുന്ന ഉണ്ണിയേശുവിനെ കൈകളിലേന്തിയ രൂപവുമായി മാതാവ് വീണ്ടും അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഇവിടുത്തെ വിശ്വാസം. അന്ന് കാണിച്ചു കൊടുത്ത നീരുറവയ്ക്കു മുന്നിൽ ഒരു ദേവാലയം നിർമ്മിക്കുവാന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നുവത്രെ. അങ്ങനെയാണ് ഇന്നു കാണുന്ന ഈ ദേവാലയം ഇവിടെ നിർമ്മിച്ചത്.
കേരളത്തിലെ ഒറ്റക്കല്ലിൽ തീർത്ത ഏറ്റവും വലിയ കൽക്കുരിശാണിത്. എി 1575 ൽ നിർമ്മാണം പൂർത്തിയാക്കിയതെന്നു കരുതുന്ന ഈ കൽക്കുരിശിന് മാത്രം 48 അടി ഉയരമുണ്ട്. ഇതിന്റെ കരിങ്കൽത്തറയിൽ യേശുവിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള കുരിശും പെലിക്കൺ പക്ഷിയെയും മുന്തിരിക്കുലകളെയും കൊത്തിവെച്ചിട്ടുണ്ട്. ചുറ്റുവിളക്ക് കത്തിക്കുന്നതാണ് ഇവിടുത്തെ പ്രധാന നേർച്ച.
അത്യപൂർവ്വമായ മതസൗഹാർദ്ദത്തിന്റെ കഥയും കുറവിലങ്ങാട് പള്ളിക്കുണ്ട്. പണ്ടു കാലങ്ങളിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഇവിടുത്തെ മൂന്നു നോമ്പു തിരുന്നാളിന് ആനയെ പ്രദക്ഷിണത്തിന് അയക്കുകയും ക്ഷേത്രത്തിലെ ഉത്സവ സമയത്ത് പള്ളിയുടെ മുത്തുക്കുടകൾ അവിടേക്ക് നല്കുകയും ചെയ്യുമായിരുന്നതായി പഴമക്കാർ പറയുന്നു
കുറവിലങ്ങാട് ചെറിയ പള്ളിയുടെ തെക്കു വശത്തായാണ് പ്രശസ്തമായ മണിമാളിക സ്ഥിതി ചെയ്യുന്നത്. 1910 ൽ നിർമ്മിച്ച ഈ മണിമാളികയിൽ മൂന്ന് കൂറ്റൻ മണികളാണുള്ളത്. 1911 ൽ ജർമ്മനിയിലെ ഹാമ്പുർഗിൽ നിന്നുമാണ് ഈ മണികൾ ഇവിടെ എത്തിച്ചത്. നാലു മണികളാണ് കൊണ്ടുവന്നിരുന്നത് എങ്കിലും അതിലൊന്ന് യാത്രയ്ക്കിടെ കടലിൽ നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.
ഈ മണികൾ സപ്തസ്വരങ്ങൾ വായിക്കും എന്നും ഒരു വിശ്വാസമുണ്ട്.
നിരവധി അനവധി അറിവിന്റെയും അത്ഭുതങ്ങളുടെയും നാടായ കുറവിലങ്ങാട് ലോക ചരിത്രത്തിൽ വീണ്ടും ഇടം നേടിയിരിക്കുന്നു. വിശ്വാസ സമൂഹത്തിന് മാത്രമല്ല ഓരോ കുറവിലങ്ങാടുകാരനും അഭിമാനമാകുന്ന വാർത്ത ആണിത്.