തിരുവനന്തപുരം: ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും കൃഷിനാശവും നിലനില്‍ക്കുന്ന കുട്ടനാട്ടില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടികള്‍ക്കും വയോധികര്‍ക്കും വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാല്‍ ചെളിയില്‍ താഴ്ന്നു പോകും. എ.സി കാനാല്‍ വഴിയുള്ള നീരൊഴുക്ക് തടസപ്പെട്ടതിനു പിന്നാലെ സര്‍ക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടില്‍ കെട്ടിക്കിടക്കുകയാണ്. കുട്ടനാടിനെ സഹായിക്കാനെന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍ വേയില്‍ മണ്ണുനീക്കലല്ല കരിമണല്‍ ഖനനമാണ് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ കുട്ടനാടിനു വേണ്ടിയുള്ള 500 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്‍.വെള്ളത്തിന്റെ ആഗമന നിര്‍ഗമനം തടസപ്പെട്ടതാണ് കുട്ടനാടിനെ പാരിസ്ഥിതികമായി തകര്‍ത്തത്. പാടശേഖരങ്ങളില്‍ മട വീണ് വ്യാപക കൃഷിനാശമുണ്ടാകുകയാണ്. എ.സി കനാലിലെ മണ്ണ് നീക്കം ചെയ്യാത്തതും സ്ഥിതി ദുസഹമാക്കിയിട്ടുണ്ട്. സര്‍വത്ര വെള്ളം എന്നാല്‍ കുടിക്കാന്‍ ഒരു തുള്ളി പോലുമില്ലെന്ന അവസ്ഥായിലാണ് കുട്ടനാട്ടുകാര്‍. പ്രദേശത്ത് ഒരു ആരോഗ്യ സ്ഥാപനം പോലുമില്ല. കുട്ടനാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമല്ല ആലപ്പുഴ- ചങ്ങനാശേരി എഏലിവേറ്റഡ് ഹൈവെ. എല്ലാ വകുപ്പുകളും സംയുക്തമായി വേണം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണോണ്ടത്. പ്രതിപക്ഷം അത്തരമൊരു നീക്കത്തോട് പൂര്‍ണമായും സഹകരിക്കും. കുട്ടനാട്ടില്‍ എല്ലാം നടക്കുന്നുണ്ടെന്നാണ് സ്ഥലം എം.എല്‍.എയും മന്ത്രിയും പറയുന്നത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിക്കസേര കിട്ടാന്‍ വേണ്ടിയാണ് കുട്ടനാട് എം.എല്‍.എ മുഖ്യമന്ത്രിയെ സുഖിപ്പിക്കുന്നത്. അതിനു വേണ്ടി പ്രതിപക്ഷത്തിന്റെ തോളില്‍ കയറേണ്ടെന്നും പ്രതിപക്ഷ നേതാവ് മുന്നിയിപ്പു നല്‍കി. ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്ന പുതിയൊരു രീതിയാണ് പ്രതിപക്ഷം അവലംബിക്കുന്നത്. നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ജനോപകാരപ്രദമാകണം. അങ്ങനെയെങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനം തോന്നൂ. ഈ കെട്ടകാലത്തും ദുര്‍ബലരായ മനുഷ്യര്‍ക്കു മേല്‍ പൊലീസും ഉദ്യോഗസ്ഥരും മെക്കിട്ടു കയറുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും അന്വേഷിക്കും എന്നു പറയാനുള്ള സാമാന്യ മര്യാദ പോലും സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല. മൂന്നു മാസം കൊണ്ട് 125 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും പിഴയായി കുത്തിപ്പിഴിഞ്ഞെടുത്തത്. ശക്തമായ ചെറുത്ത് നില്‍പ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.