കുവൈത്ത് പ്രവേശനവിലക്ക് നീക്കി; ഞായറാഴ്ച മുതല്‍ പ്രവേശനം

0
71

ഇന്ത്യയിൽ നിന്നു കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുന്നു.

ഈ മാസം 22 മുതൽ കുവൈത്തിലേക്ക് പ്രവേശനാനുമതി നൽകാൻ കുവൈത്ത് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കായിരിക്കും പ്രവേശനാനുമതി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാം.

ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.

ഇവയിൽ ഏതെങ്കിലും വാക്സീൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനാനുമതി.

സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം.

കുവൈത്തിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം.

കുവൈത്തിന് പുറത്തുനിന്ന് വാക്സീൻ സ്വീകരിച്ചവർ പാസ്പോർട്, വാക്സീൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം.

യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറൻറീനിൽ കഴിയണം.

ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം.

Leave a Reply