Pravasimalayaly

വാക്‌സിന്‍ സ്വീകരിക്കുകയും സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരുമായ പ്രവാസികള്‍ക്ക് പൂര്‍ണമായി കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ‘കുവൈറ്റി വീപ്‌സ്’ എന്ന പേരില്‍ കുവൈറ്റില്‍ കാമ്പയിന്‍ ആരംഭിച്ചു

കുവൈറ്റ് സിറ്റി

വാക്‌സിന്‍ സ്വീകരിക്കുകയും സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരുമായ പ്രവാസികള്‍ക്ക് പൂര്‍ണമായി കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ‘കുവൈറ്റി വീപ്‌സ്’ എന്ന പേരില്‍ കുവൈറ്റില്‍ കാമ്പയിന്‍ ആരംഭിച്ചു.
പൂര്‍ണമായും പ്രവാസികള്‍ക്ക് പ്രവേശനാനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണിത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച പ്രവാസികളെ കുവൈറ്റിലേക്ക് എത്താന്‍ അനുവദിക്കാത്തത് അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതായി കാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കുവൈറ്റ് സമ്പദ്‌വ്യവസ്ഥയെയും ബിസിനസുകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വദേശികള്‍ക്ക് അനുവദിച്ച ഇളവുകള്‍ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത് തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരെ വിലക്കുന്നത് അതിശയിപ്പിക്കുകയാണെന്നും കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സെക്രട്ടറി ഹുസൈന്‍ അല്‍ ഒതൈബി പറഞ്ഞു.

ഇത് വിവേചനപരമാണെന്നാണ് അല്‍ ഒതൈബിയുടെ വിമര്‍ശനം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നും മതിയായ ക്വാറന്റൈന്‍ അവര്‍ക്ക് ഏര്‍പ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുവൈറ്റ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29 എല്ലാത്തരം വംശീയ വിവേചനങ്ങളെയും വിലക്കുന്നുണ്ടെന്നും അല്‍ ഒതൈബി ചൂണ്ടിക്കാട്ടി.

Exit mobile version