കെ റെയിൽ സമരത്തിൽ കോൺഗ്രസുകാർ റോഡിൽ തല്ലുകൊള്ളുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് ശരിയായില്ലെന്ന് കെവി തോമസ്. ഇഫ്താർ എന്താണെന്ന് പ്രതിപക്ഷ നേതാവ് തന്നെ പഠിപ്പിക്കേണ്ട. സതീശൻ പോയിട്ടുള്ളതിനേക്കാൾ ഇഫ്താർ വിരുന്നുകളിൽ താൻ പങ്കെടുക്കുകയും ഇഫ്താർ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എഐസിസി അച്ചടക്ക സമിതി ചെയർമാൻ എകെ ആന്റണിയിൽ പ്രതീക്ഷയുണ്ട്. വിശദീകരണം നൽകിയ ശേഷം താരിഖ് അൻവറുമായി സംസാരിച്ചിരുന്നു. സുധാകരനുമായി വ്യക്തിപരമായി യാതൊരു എതിർപ്പും തനിക്കില്ല. വളരെ ഇഷ്ടപ്പെടുന്ന മാന്യനായ നേതാവാണദ്ദേഹം. ശരീരത്തിന്റെ വെയിറ്റേ സുധാകരനുള്ളൂ. മനസ് വളരെ നല്ലതാണ്. പാർലമെന്റ് രാഷ്ട്രീയത്തിലേക്ക് വരാൻ ഇനി താൽപ്പര്യമില്ലെന്നും അത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ലാത്തതിനാലാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിലും പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പങ്കെടുത്തതില്‍ കെപിസിസി നേതൃത്വം എതിര്‍പ്പറിയിച്ചില്ല. തനിക്ക് ഒരു നീതിയും പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് വേറെ നീതിയുമാണ്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു എന്ന ആരോപണമാണ് എനിക്കെതിരെ കെപിസിസി പ്രധാനമായും ഉന്നയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിനെതിരെ അപ്പോള്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കെവി തോമസ് ചോദിച്ചു. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി എഐസിസി നേതൃത്വത്തിന് കത്ത് അയച്ചിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.