Saturday, November 23, 2024
HomeNewsKeralaകെ വി തോമസ് കണ്ണൂരിലേക്ക്; സിപിഐഎം സെമിനാറില്‍ പങ്കെടുക്കും

കെ വി തോമസ് കണ്ണൂരിലേക്ക്; സിപിഐഎം സെമിനാറില്‍ പങ്കെടുക്കും

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്. സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്. നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി.

മാര്‍ച്ച് മാസത്തില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും കെ വി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് താന്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്.

‘സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയ്‌ക്കെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയായില്ല. പാര്‍ട്ടി വിറ്റ് പണമുണ്ടാക്കിയിട്ടില്ല. എങ്കിലും തിരുത തോമസ് എന്ന് ഒപ്പമുള്ളവര്‍ പരിഹസിച്ചു. പാര്‍ട്ടിയെ ഉപയോഗിച്ച് പത്ത് പൈസയുണ്ടാക്കിയിട്ടില്ല. എന്നെ പുറത്താക്കാന്‍ കെ സുധാകരന് യാതൊരു അധികാരവുമില്ല. ഞാന്‍ എഐസിസി അംഗമാണ്. വര്‍ഗീയതയ്‌ക്കെതിരായി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. സ്റ്റാലിന്‍ പങ്കെടുക്കുന്ന സെമിനാറിലാണ് ഞാന്‍ പങ്കെടുക്കുന്നത്. ആശയപരമായി സെമിനാറിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനാല്‍ സെമിനാറില്‍ പങ്കെടുത്തേ പറ്റൂ’. കെ വി തോമസ് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments