Pravasimalayaly

കെ വി തോമസ് ഇടത് വേദിയില്‍,പ്രവര്‍ത്തകര്‍ സ്വീകരിച്ചത് സഖാവേ എന്ന ആര്‍പ്പുവിളികളോടെ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ കെ വി തോമസിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത് സഖാവേ എന്ന ആര്‍പ്പുവിളികളോടെ. താന്‍ എല്‍ഡിഎഫിനായി സജീവ പ്രചരണത്തിനിറങ്ങുമെന്നായിരുന്നു ഇടത് വേദിയില്‍ കെ വി തോമസിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തൃക്കാക്കരയിലെത്തിയ മുഖ്യമന്ത്രിയാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാള്‍ അണിയിച്ചു.

പാലാരിവട്ടത്താണ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കെ വി തോമസിനെ വേദിയിലേക്ക് ക്ഷണിച്ചത്. തനിക്ക് ഒരു മണിക്കൂറോളം ബ്ലോക്കില്‍ കിടക്കേണ്ടി വന്നതിനാലാണ് എത്താന്‍ വൈകിയതെന്ന് കെ വി തോമസ് പറഞ്ഞു.

ഇടതുപക്ഷത്തിനായി കെ വി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കറ കളഞ്ഞ കോണ്‍ഗ്രസുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന തോമസ് മാഷ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടഭ്യര്‍ഥിക്കുന്ന കാഴ്ച രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രിയപ്പെട്ട പി.ടി തോമസിന്റെ പ്രിയതമ ഉമാ തോമസ് ഏറെ പ്രിയപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ അപ്പുറത്ത് മത്സര രംഗത്തുണ്ട്. പുത്രീ നിര്‍വിശേഷമായ സ്‌നേഹമാണ് ഉമയോടെങ്കിലും പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കെ.വി തോമസിനെ എത്തിച്ചത്.

തന്നെ പുറത്താക്കാന്‍ തിടുക്കപ്പെടുന്നവര്‍ക്കൊപ്പം കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നാടിന്റെ വികസനത്തിനായി നിലപാടുകളാവാമെന്ന് കെ.വി തോമസ് കരുതുന്നു. പല കുറി എം.പിയും എം.എല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയിരുന്നു കെ.വി തോമസ്. സോണിയ ഗാന്ധി തൊട്ട് കരുണകാകരന്‍ വരെ കെ.വി തോമസിന്റെ രാഷ്ട്രീയ പാഠങ്ങളാണ്. ജോ ജോസഫിനെ ജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് തോമസ് മാഷിന്റെ സിലബസ് ആവശ്യമുണ്ട് തൃക്കാക്കരയില്‍.

Exit mobile version