Pravasimalayaly

വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇന്ന് ദ്വീപിലെത്തും : പ്രതിഷേധമുയർത്താൻ ദ്വീപ് നിവാസികൾ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപ് സന്ദര്‍​ശിക്കാനിരിക്കെ കരിദിനം ആചരിക്കാന്‍ ലക്ഷദ്വീപ് നിവാസികള്‍. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്ക്കാരങ്ങള്‍ വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും നീങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടി ഉയര്‍ത്തിയാണ് പ്രതിഷേധിക്കുക. ഇന്ന് ഉച്ചയോടെയാണ് പ്രഫുല്‍പട്ടേല്‍ അഗത്തി വിമാനത്താവളത്തില്‍ എത്തുക.

ഏഴു ദിവസത്തേക്കാണ് പ്രഫുല്‍പട്ടേല്‍ ദ്വീപ് സന്ദര്‍​ശിക്കുന്നത്. വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. ദ്വീപില്‍ നടത്തുന്ന ഭരണപരിഷ്‌ക്കാരങ്ങള്‍ക്ക് എതിരേ കരിദിനം ആചരിക്കാന്‍ ലക്ഷദ്വീപ് നിവാസികളുടെ തീരുമാനം. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും. വീടിന് മുന്നില്‍ കരിങ്കൊടി വെയ്ക്കുക, കറുത്ത വസ്ത്രങ്ങള്‍ അണിയുക, കറുത്ത മാസ്‌ക്ക് വെയ്ക്കുക തുടങ്ങിയ നടപടികള്‍ ചെയ്യും.

സമരത്തിന് വലിയ മുന്‍കരുതലുകള്‍ ഉണ്ടാകും എന്നത് മുന്‍ നിര്‍ത്തി ജനങ്ങള്‍ കൂടിയുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കും. അക്രമാസക്തമായ ഒരു പ്രതിഷേധം നടത്താതെ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് തന്നെ പ്രഫുല്‍ പട്ടേലിനെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനാണ് ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ ശ്രമം. പക്ഷേ സമരരീതികള്‍ അക്രമമാകാനോ ക്രമസമാധാന നില തകരാറിലാക്കാനോ തയ്യാറാകില്ലെന്നാണ് ദ്വീപു നിവാസികള്‍ പറയുന്നത്. വിവാദ പ്രഖ്യാപനം നടത്തിയ ശേഷം ആദ്യമായിട്ടാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ എത്തുന്നത്.

പ്രഫുല്‍ പട്ടേല്‍ ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന ദ്വീപിലെ പര്യടന പരിപാടി ഈ മാസം 20 വരെ നീണ്ടുനില്‍ക്കും. എന്നാല്‍ പ്രഫുല്‍ പട്ടേലിന്റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ പ്രതിഷേധം ലോകത്തെ അറിയിക്കാനും സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നല്‍കാനും സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുന്നുണ്ട്. പ്രതിഷേധം മുന്‍ നിര്‍ത്തി കടുത്ത മുന്‍കരുതലുകള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

Exit mobile version