ലാലിഗയിൽ ഇനി അവസാന നിമിഷം വരെയുള്ള സസ്പെൻസ്

0
39

സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം അവസാന മത്സരം വരെ നീളും. അത്‌ലറ്റിക്കോ മാഡ്രിഡ്‌ 2-1 ന്‌ ഒസാസുനയെ തോല്‍പ്പിച്ചപ്പോള്‍ കിരീടത്തിന്‌ ഒരു ജയം മാത്രം അകലെയായി.
അതേ സമയത്തു തന്നെ നടന്ന അത്‌ലറ്റിക്കോ ബില്‍ബാവോയെ 1-0 ത്തിനു തോല്‍പ്പിച്ച്‌ റയാല്‍ മാഡ്രിഡ്‌ കിരീട പ്രതീക്ഷ നിലനിര്‍ത്തി. സെല്‍റ്റ ഡി വിഗോയോടു 2-1 നു തോറ്റ ബാഴ്‌സലോണയുടെ പ്രതീക്ഷകള്‍ അസ്‌മതിച്ചു. 37 കളികളില്‍നിന്ന്‌ 83 പോയിന്റ്‌ നേടിയ അത്‌ലറ്റിക്കോ ഒന്നാമതും 81 പോയിന്റ്‌ നേടിയ റയാല്‍ രണ്ടാമതും തുടര്‍ന്നു. 76 പോയിന്റില്‍ തുടര്‍ന്ന ബാഴ്‌സയ്‌ക്ക് അവസാന മത്സരം ജയിച്ച്‌ മൂന്നാം സ്‌ഥാനത്തു തുടരാം. 23 നു നടക്കുന്ന
അവസാന മത്സരത്തില്‍ റയാല്‍ വിയാ റയാലിനെയും അത്‌ലറ്റിക്കോ റയാല്‍ വല്ലഡോലിഡിനെയും നേരിടും. ബാഴ്‌സയുടെ അവസാന മത്സരം ഐബാറിനെതിരേയാണ്‌. സ്വന്തം തട്ടകമായ ന്യൂക്യാമ്പിലാണു ബാഴ്‌സ തോല്‍വി നേരിട്ടത്‌. 28-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയിലൂടെ മുന്നിലെത്തിയ ശേഷമാണു ബാഴ്‌സ തോല്‍വി വഴങ്ങിയത്‌.
സെര്‍ജിയോ ബസ്‌ക്വറ്റസിന്റെ അളന്നു മുറിച്ച ഹെഡര്‍ മെസിക്കു ഗോളടിക്കാന്‍ പാകത്തിനായിരുന്നു. മെസിയുടെ ഷോട്ട്‌ ഗോള്‍ വലയം കടക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ ജസ്‌റ്റോ വീലാര്‍ സ്‌ഥാനം തെറ്റി നില്‍ക്കുകയായിരുന്നു. ബാഴ്‌സയുടെ ലീഡിന്‌ പത്ത്‌ മിനിറ്റ്‌ മാത്രമായിരുന്നു ആയുസ്‌്.
റൊണാള്‍ഡ്‌ അരാജുവോയുടെ പിഴവ്‌ മുതലെടുത്ത ഇയാഗോ അസ്‌പാസ്‌ പന്ത്‌ ബാഴ്‌സ ഗോള്‍ മുഖത്തുണ്ടായിരുന്ന മിനയ്‌ക്കു കൈമാറി. ഗോള്‍ കീപ്പര്‍ മാര്‍ക്‌ ആന്‍ഡര്‍ ടെര്‍ സ്‌റ്റീഗന്‍ അപകടം മണക്കും മുമ്പ്‌ പന്ത്‌ വലയില്‍ കയറി. ഇഞ്ചുറി ടൈമിലാണു സാന്തി മിനയുടെ രണ്ടാം ഗോള്‍ പിറന്നത്‌. സോളാരിയുടെ ക്രോസ്‌ കൈയിലൊതുക്കാന്‍ ടെര്‍ സ്‌റ്റീഗന്‍ നടത്തിയ വിഫല ശ്രമമാണു ഗോളിനു കാരണം. റീബൗണ്ട്‌ ലഭിച്ച സാന്തി മിന ബാഴ്‌സയുടെ പ്രതീക്ഷകളിലേക്കു ഗോളടിച്ചു കയറ്റി. തുടരെ രണ്ട്‌ മഞ്ഞക്കാര്‍ഡുകള്‍ കണ്ട ക്ലമന്റ്‌ ലെന്‍ഗ്ലറ്റ്‌ ചുവപ്പ്‌ കാര്‍ഡുമായി കളം വിട്ടത്‌ ബാഴ്‌സയ്‌ക്ക് അടിയായിരുന്നു.
തോല്‍വിയോടെ ലയണല്‍ മെസി ക്ലബ്‌ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്‌തിയാര്‍ജിച്ചു. മെസി ക്ലബില്‍ തുടരുമെന്ന പ്രതീക്ഷയിലാണു കോച്ച്‌ റൊണാള്‍ഡ്‌ കോയ്‌മാന്‍. സ്വന്തം തട്ടകമായ വാന്‍ഡ മെട്രോപോളീറ്റന്‍ സ്‌റ്റേഡിയത്തില്‍ റെനാന്‍ ലോഡിയും ലൂയിസ്‌ സുവാരസും അത്‌ലറ്റിക്കോയ്‌ക്കു വേണ്ടി ഗോളടിച്ചു. അഡ്രിയാന്‍ ബുഡിമിറാണ്‌ ഒസാസുനയ്‌ക്കു വേണ്ടി ഗോളടിച്ചത്‌.
75-ാം മിനിറ്റില്‍ ബുഡിമറിന്റെ ഹെഡറാണ്‌ ഒസാസുനക്ക്‌ ലീഡ്‌ നല്‍കിയത്‌. ഹെഡര്‍ ഗോള്‍ കീപ്പര്‍ യാന്‍ ഒബ്ലാക്‌ തട്ടിയെങ്കിലും പന്ത്‌ ഗോള്‍ വര കടന്നിരുന്നു.
82-ാം മിനിറ്റില്‍ ജോയ ഫെലിക്‌സിന്റെ പാസ്‌ റെനാന്‍ ലോഡി വലയിലേക്കു തിരിച്ചുവിട്ടു. തുടരന്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ട അത്‌ലറ്റിക്കോ മാഡ്രിഡ്‌ 88-ാം മിനിറ്റില്‍ വിജയ ഗോളുമടിച്ചു. സൂപ്പര്‍ താരം ലൂയിസ്‌ സുവാരസിന്റെ വകയായിരുന്നു ഗോള്‍.
സുവാരസിന്റെ ഈ സീസണിലെ ഇരുപതാം ഗോള്‍ കൂടിയാണത്‌. ബില്‍ബാവോയുടെ തട്ടകമായ സാന്‍ മാസേസ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയാല്‍ നാചോയുടെ 68-ാം മിനിറ്റിലെ ഗോളിലാണു ജയിച്ചത്‌.
റൗള്‍ ഗാര്‍സിയ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതു ബില്‍ബാവോയ്‌ക്കു തിരിച്ചടിയായി. കളി തീരാന്‍ ഒരു മിനിറ്റ്‌ ശേഷിക്കേയാണു റൗള്‍ രണ്ടാം മഞ്ഞക്കാര്‍ഡ്‌ കണ്ടത്‌. അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ തോല്‍ക്കുകയും റയാല്‍ തോല്‍ക്കുകയും ചെയ്‌താല്‍ ഇരു ടീമുകളും ഒരേ പോയിന്റിലെത്തും. പരസ്‌പരമുള്ള മത്സരങ്ങളില്‍ മുന്‍തൂക്കമുള്ള റയാലിന്‌ അതോടെ ലാ ലിഗ കിരീടം സ്വന്തമാകും.

Leave a Reply