മലപ്പുറം: ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്. ഒരേക്കര്‍ റബര്‍ ഉള്‍പ്പെട്ട കൃഷി ഭൂമി നശിച്ചു. ഉരുള്‍പൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു.
ജില്ലയില്‍ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും കനത്ത മഴയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. അതിനിടെ കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.