ലണ്ടൻ
എൻ എച്ച് എസിലെ നഴ്സ്മാരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ഷാമം പരിഹരിയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ 28 മില്യൺ പൗണ്ട് ചിലവഴിക്കും. ഒഴിവുകൾക്ക് അനുസരിച്ച് റിക്രൂട്മെന്റ് നടപടികൾ വേഗത്തിലാക്കുവാൻ ഈ തുക വിനിയോഗിക്കും. ജോലി കാത്തിരിയ്ക്കുന്ന ആയിരക്കണക്കിന് ആളുകളെ ആവേശഭരിതരാക്കുന്നതാണ് പുതിയ പ്രഖ്യാപനം. കേരളത്തിൽ നിന്നും എത്തിയ നഴ്സിംഗ് സംഘത്തിന് ആവേശകരമായ സ്വീകരണമാണ് എൻ എച്ച് എസ് ഒരുക്കിയത്. എൻ എച്ച് എസ് ഉദ്യോഗസ്‌ഥർക്ക് ചുണ്ടൻ വള്ളം മാതൃകയും സ്‌പൈസ് കിറ്റും സമ്മാനമായി നേഴ്സ്മാർ നൽകി.
നഴ്സിംഗ് മേഖലയിലെ ക്ഷാമം പരിഹരിക്കുവാനാണ് ബ്രിട്ടീഷ് സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. മുടങ്ങിപ്പോയ റിക്രൂട്മെന്റുകൾ പൂർത്തിയാക്കും. നിലവിൽ ബ്രിട്ടനിൽ ജോലി ചെയ്യുന്ന വിദേശ നേഴ്സ്മാർക്ക് IELTS/OET പരിശീലനം നല്കാനും തുക ഉപയോഗിക്കും.
അരലക്ഷം പുതിയ ഒഴിവുകളാണ് നികത്തപ്പെടുക. ഡോക്ടർമാരും നേഴ്സ്മാരും അടക്കം ഒരുലക്ഷം ഒഴിവുകളാണ് ഉള്ളത്. കൂടാതെ റിട്ടയർമെന്റുകൾ മൂലം ഉണ്ടാവുന്ന ഒഴിവുകളും ഉണ്ട്.
വന്ദേഭാരത് മിഷനിലൂടെ കൊച്ചി ഉൾപ്പെടെ നേരിട്ടുള്ള വിമാന സർവീസുകൾ ബ്രിട്ടനിലേക്ക് ഉണ്ട്. കോവിഡിന് ശേഷമുള്ള ജീവിതം സാധാരണ നിലയിലാവുന്നതോടെ മുന്പെങ്ങുമില്ലാത്ത അവസരമാണ് നഴ്സ്മാർക്ക് ബ്രിട്ടൻ ഒരുക്കുന്നത്