ന്യൂഡല്‍ഹി
ആത്മീയമായ അതിജീവനത്തിന് പ്രാര്‍ത്ഥനയും, പരിത്യാഗവും അനിവാര്യമാണെന്ന് ഡല്‍ഹി ഫരീദാബാദ് സീറോ മലബാര്‍ രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഫരീദബാദ് രൂപതയിലെ ബത്തോള ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ നവീകരിച്ച കുരിശിന്റെ വഴി രൂപങ്ങള്‍ ആശിര്‍വദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണക്കാലം ലോകത്തിന്റെയാകെ പ്രതീക്ഷകളെ കടപുഴകിയ കാലത്താണ് നാം ജീവിക്കുന്നത്. നാളയെക്കുറിച്ച് ഇത്രത്തോളം മനുഷ്യര്‍ ആകുലപ്പെടുന്ന കാലം വേറെ ഉണ്ടായിട്ടില്ല. ആത്മീയമായ ഉണര്‍വ് നേടുന്നവര്‍ക്ക് ലോകത്തിന്റെ ജീവിത പ്രശ്‌നങ്ങളെയും മറ്റ് ലൗകീക ഭീഷണികളെയും നേരിടാന്‍ കരുത്ത് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂരിശിന്റെ വഴിയിലെ പാട്ടുകളും ഉണര്‍വേകുന്ന പ്രാര്‍ത്ഥനകളും രോഗങ്ങളെപ്പോലും ചെറുക്കുന്ന മരുന്നാണെന്ന് അനുഭവമാണ്. ക്രൈസ്തവ വിശ്വാസികളല്ലാത്തവര്‍ പോലും ആബേലച്ചന്‍ എഴുതിയ കുരിശിന്റെ വഴി പാട്ടുകളും പ്രാര്‍ത്ഥനകളും ചൊല്ലാറുണ്ട്.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും, പുണ്യപ്രവര്‍ത്തികളുടെയും കാലമാണ് വലിയ നോയമ്പാചരണ കാലത്തെ ദു:ഖവെള്ളി, ക്രിസ്തുവിന്റെ പുനരുദ്ധാന തിരുന്നാള്‍ എന്നിവയെന്ന് മാര്‍ കുര്യാക്കോസ് ഓര്‍മ്മിപ്പിച്ചു. മാനവ ലോകം ഒന്നാകെ നാളെയെക്കുറിച്ച് ആശങ്കപ്പെടുന്ന ഈ കാലത്ത് വിശ്വാസജീവിതത്തെ മുറുകെപ്പിടിച്ചും, ഉപവാസ പ്രാര്‍ത്ഥനകളാലും, പരിത്യാഗ പ്രവര്‍ത്തനങ്ങളാലും അതിജീവനത്തിന്റെ കരുത്താര്‍ജ്ജിക്കാന്‍ ഈ നോമ്പുകാലം നമുക്ക് പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വെള്ളിയാഴ്ചകളില്‍ ഫരീദാബാദ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ കുരിശിന്റെവഴി പ്രാര്‍ത്ഥനകളില്‍ ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും ധാരാളം വിശ്വാസികള്‍ എത്താറുണ്ട്.
ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കര്‍ത്താനം (വി.സി,)അസിസ്റ്റന്റ് ഡയറക്ടര്‍. സോണി പുതിയേടം (വി.സി), ഫാ.ജോസഫ് പള്ളിക്കാമഠം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.