Pravasimalayaly

ഇന്ദിരാ ഭവനു മുന്നില്‍ തലമുണ്ഡനം ചെയ്തു ലതികാ സുഭാഷിന്റെ പ്രതിഷേധം

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിനു പിന്നാലെ അസാധാരണ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിലെത്തി തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച അവര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവച്ചു. സ്
ഇന്നലെ രാവിലെ 11നോടെ സഹപ്രവര്‍ത്തകരോടൊപ്പം ഇന്ദിരാ ഭവനു മുന്നിലെത്തിയ ലതികാ സുഭാഷ് പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിക്കുന്നതു വരെ കാത്തിരുന്നു. ഒന്‍പത് സീറ്റു മാത്രമാണു വനിതകള്‍ക്കു ലഭിച്ചതെന്നു വ്യക്തമായതോടെ ഇവര്‍ സമരമുറയുമായി പാര്‍ട്ടി ആസ്ഥാനത്തിനു മുന്നിലെത്തുകയായിരുന്നു.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. വനിതകള്‍ക്ക് 20 ശതമാനം സംവരണം നല്‍കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ഒരു ജില്ലയില്‍ ഒരു സ്ത്രീയ്ക്ക് വീതമെങ്കിലും സീറ്റ് നല്‍കാമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.
മഹിളാ കോണ്‍ഗ്രസ് നേതാക്കളായ രമണി പി. നായര്‍ക്ക് അടക്കം സീറ്റ് നിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അവര്‍ പറഞ്ഞു. കൊല്ലത്ത് ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണയ്ക്ക് സീറ്റിനായി കണ്ണീര്‍ വാര്‍ക്കേണ്ടി വന്നു. തുടര്‍ന്ന് ഇന്ദിരാഭവനു മുന്നിലിരുന്നു തലമുണ്ഡനം ചെയ്തത്. എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഇനി കുടുംബത്തിന്റെ ചുമതലയിലേക്കു മടങ്ങുന്നതായും അവര്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നതായി ലതികാ സുഭാഷ് പറഞ്ഞു. കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗത്തിന് ഈ സീറ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് വൈപ്പിന്‍ സീറ്റിലേക്ക് ലതികയെ പരിഗണിച്ചിരുന്നു. എന്നാല്‍, ഇതും ലഭിക്കാതായതോടെയാണ് ലതികയ്ക്ക് അസാധാരണ സമരമുറയുമായി രംഗത്തു വരേണ്ടി വന്നത്. ലതികയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

Exit mobile version