നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് മത്സരിക്കും. ലതിക സുഭാഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റുമാനൂരിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലതിക സുഭാഷ് മത്സരിക്കുന്നത്.
വൈകീട്ട് ലതിക സുഭാഷിനെ അനുകൂലിക്കുന്നവരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മത്സരിക്കുമെന്ന പ്രഖ്യാപനം. അനുകൂലിക്കുന്നവർ പറഞ്ഞാൽ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് ലതികാ സുഭാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റുമാനൂരിൽ കൈപ്പത്തി ചിഹ്നത്തിൽ താൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് ലതിക സുഭാഷ് പറഞ്ഞു. തല മുണ്ഡനം ചെയ്തത് ഒരു ഓർമ്മപ്പെടുത്തൽ. ആരേയും മോശക്കാരാക്കാൻ അല്ല തല മുണ്ഡനം ചെയ്തത്. പലരും ഏറ്റുമാനൂരിൽ മത്സരിക്കണം എന്ന് പറഞ്ഞു. രാജിവെച്ചത് പിന്നീട് വരുന്നവർക്ക് അംഗീകാരം കിട്ടാനാണ്. ഇത്തവണ ഏറ്റുമാനൂർ സീറ്റ് കിട്ടും എന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ സ്വതന്ത്രൻ ആയി കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപാറ മത്സരിച്ച് ജയിച്ച ചരിത്രമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ലതിക സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.