Sunday, November 24, 2024
HomeNewsKeralaതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും. “രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നിൽക്കും,” എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പറഞ്ഞു.

ജനക്ഷേമ സഖ്യത്തിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ അഭിപ്രായം. “ജനക്ഷേമ സഖ്യത്തിന്റെ പിന്തുണയ്ക്ക് വേണ്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല. ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫിന് അനുകൂലമാകും. സർക്കാർ വിരുദ്ധ വോട്ട് യുഡിഎഫിലേക് വരും,” സതീശന്‍ വ്യക്തമാക്കി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് ട്വന്റി ട്വന്റി – ആം ആദ്മി ജനക്ഷേമ സഖ്യം വൈകുന്നേരമാണ് പ്രഖ്യാപിച്ചത്. “എല്ലാ മുന്നണികളും പിന്തുണ തേടിയിരുന്നു. ജയവും പരാജയവും നിര്‍ണയിക്കുന്നത് ജനക്ഷേമ സഖ്യമാണ്. പ്രവര്‍ത്തകര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ സാഹചര്യമനുസരിച്ച് വോട്ട് ചെയ്യണം,” ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് ആം ആദ്മി പാര്‍ട്ടി ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ചത്. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിൽ ആം ആദ്‌മി ദേശീയ കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. ജനക്ഷേമ സഖ്യം അഥവാ പീപ്പിൾസ് വെൽഫെയർ അലയൻസ് (പിഡബ്ല്യുഎ) എന്നാണ് സഖ്യത്തിന് പേരിട്ടിരിക്കുന്നത്.

തൃക്കാക്കരയിൽ പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പി. ടി. തോമസിന്റെ പത്നം ഉമ തോമസാണ് യുഡിഎഫിനായി മത്സരിക്കുന്നത്. ഡോ. ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കായി എ. എന്‍. രാധാകൃഷ്യണനും മത്സരിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments