തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധ പരിപാടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷത്തോളം പേര്‍ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളില്‍ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും. കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.
രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിന് മുന്നോടിയായി രാവിലെ 10ന് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നില്‍നിന്ന് പ്രകടനം ആരംഭിക്കും. കൂട്ടായ്മയില്‍ ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വര്‍ഗീസ് ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
രാജ്ഭവന് പുറമെ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളില്‍ കൂട്ടായ്മകളില്‍ പതിനായിരങ്ങളും അണിനിരക്കും. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച് കണക്കിലെടുത്ത് രാജ്ഭവന് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഇല്ല. ഡല്‍ഹിക്ക് പോയിട്ടുള്ള ഗവര്‍ണര്‍ അടുത്ത ഞായറാഴ്ചയേ സംസ്ഥാനത്തെത്തുകയുള്ളൂ.